കൊച്ചി: വീടിനുള്ളിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ആയവന സ്വദേശിനി കൗസല്യ (67) ആണ് മരിച്ചത്. മകൻ ജോജോയെയാണ് പോലീസ് അറസ്റ് ചെയ്തത്.
അമ്മ ധരിച്ചിരുന്ന മൂന്ന് പവന്റെ മാലയ്ക്കു വേണ്ടിയായിരുന്നു ജോജോ കൊലപാതകം നടത്തിയത്. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. വീടിൻ്റെ ശുചിമുറിയിൽ നിന്നും മാല പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഞായറാഴ്ച വൈകീട്ട് ഏഴരയോടെയാണ് കൗസല്യയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മക്കളായ സിജോ, ജോജോ എന്നിവരാണ് മരണവിവരം നാട്ടുകാരെയും പഞ്ചായത്തംഗത്തെയും അറിയിച്ചത്.
ആദ്യം ഹൃദയാഘാതം മൂലമുള്ള മരണമാണെന്നാണ് ഏവരും കരുതിയത്. കൗസല്യയെ പരിശോധിച്ച ഡോക്ടറാണ് സ്വാഭാവിക മരണമല്ലെന്ന് പൊലീസിനെ അറിയിച്ചത്. കഴുത്തിലെ പാടുകളും രക്തം കട്ട പിടിച്ച പാടും കണ്ടതോടെ മരണം കൊലപാതകമാണെന്ന സംശയം ഉയർന്നു.
തിങ്കളാഴ്ച രാവിലെ മക്കളായ സിജോയെയും ജോജോയെയും പൊലീസ് കസ്റ്റഡിയിൽ എടുത്ത്, വിശദമായ ചോദ്യം ചെയ്യുന്നതിനിടെയാണ് ജോജോ കുറ്റം സമ്മതിച്ചത്. തുടര്‍ന്ന് വൈദ്യപരിശോധനയും തെളിവെടുപ്പും പൂർത്തിയാക്കി.