കൊച്ചി: സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഭീകരവിരുദ്ധ സ്ക്വാഡിൻെറയും വിവിധ ജില്ലാ പോലീസ് സേനകളുടെയും സംയുക്ത റെയ്‌ഡ്. സംസ്ഥാനത്തെ സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ആളുകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് പോലീസ് സേനയുടെ തുടർച്ചയായ അന്വേഷണങ്ങളുടെ ഭാഗമായി ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുപ്രസിദ്ധ ഗുണ്ടയായ അനസ് പെരുമ്പാവൂരിൻറെ കൂട്ടാളികളുടെയും ബന്ധുക്കളുടെയും വീട്ടിൽ ഇന്ന് പുലർച്ചെ മുതൽ വിവിധ ജില്ലാ പോലീസ് സേനകളും ദീകരവിരുദ്ധ സേനയും ചേർന്ന് നടത്തിയ റെയ്ഡിൽ ആലുവ മാഞ്ഞാലി മാവിൻ ചുവട് ഭാഗത്ത് വലിയവീട്ടിൽ താടി റിയാസ് എന്ന് വിളിക്കുന്ന റിയാസിൻെറ വീട്ടിൽ നിന്നും രണ്ട് റിവോൾവറുകളും രണ്ട് പിസ്റ്റലുകളും പിടികൂടി.
ടിയാളുടെ വീട്ടിൽ നടന്ന സെർച്ചിൽ ഈ തോക്കുകളിൽ നിറയ്ക്കാവുന്ന 25 തിരകളും രണ്ട് മൂർച്ചയേറിയ കത്തികളും എട്ടു ലക്ഷത്തി എൺപത്തി മൂവായിരത്തി അഞ്ഞൂറ് രൂപയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതക കേസ് ഉൾപ്പെടെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണ് റിയാസ്. ഇതോടൊപ്പം തന്നെ സംസ്ഥാനത്തിൻെറ മറ്റു ഭാഗങ്ങളിലും തമിഴ് നാട്ടിലും നടത്തിയ വിവിധ റെയ്‌ഡുകളിൽ നിയമവിരുദ്ധമായ പല പ്രവർത്തികളും കണ്ടെത്തിയിട്ടുണ്ട്.
അനസ് പെരുമ്പാവൂരിൻറെ കൂട്ടാളിയും കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസിലെ പ്രതിയുമായ എളമക്കര താന്നിക്കൽ സ്വദേശി നെല്ലിക്കാപള്ളി വീട്ടിൽ അൽത്താഫിൻെറ വീട്ടിൽ നടത്തിയ റെയ്‌ഡിൽ റിവോൾവർ സൂക്ഷിക്കുന്നതിനുള്ള ഉറയും കൈവിലങ്ങുകളും എയർ പിസ്റ്റലിൽ ഉപയോഗിക്കാവുന്ന ഒരു ബോക്സ് പെല്ലറ്റുകളും കണ്ടെത്തിയിട്ടുണ്ട്. പെരുമ്പാവൂർ അനസുമായി ബന്ധമുള്ള ഒരാൾ താമസിച്ചിരുന്ന തമിഴ്നാട്ടിലെ ആനമലയിലുള്ള വീട്ടിലും ഇപ്പോൾ താമസിക്കുന്ന ഗുരുവായൂരിലെ ഫ്ലാറ്റിലും പോലീസ് നടത്തിയ റെയ്ഡിൽ ആനമലയിലെ വീട്ടിൽ നിന്നും ഒരു വടിവാൾ തമിഴ്നാട് പോലീസ് കണ്ടെടുത്തു.
അനസിൻെറ മറ്റൊരു കൂട്ടാളിയായ മഞ്ചേരിയിൽ ഉള്ള നിസാറിൻറെ കൈവശം അനധികൃതമായി തോക്കുകൾ സൂക്ഷിച്ചിട്ടുണ്ടെന്നുള്ള വിവരത്തിൻറ അടിസ്ഥാനത്തിൽ രാജാക്കാടുള്ള നിസാറിൻെറ വീട്ടിലും നിസാർ ജോലി ചെയ്തിരുന്ന റിസോർട്ടിലും ടിയാളുടെ സുഹൃത്തിൻെറ തമിഴ്നാട്ടിൽ മേട്ടുപ്പാളയത്തിലുള്ള വീട്ടിലും ദീകരവിരുദ്ധ സ്ക്വാഡും തമിഴ്നാട് പോലീസും സംയുക്തമായി തിരച്ചിൽ നടത്തി. വയനാട്ടിലെ കൽപ്പറ്റ പോലീസ് സ്റ്റേഷൻ പരിധിയിൽ അനസും കൂട്ടാളികളും താമസിച്ചിരുന്ന ഒരു റിസോർട്ടിൻെറ പുറകുവശം ഭൂമിയിൽ തോക്കുകൾ കഴിച്ചിട്ടുണ്ടെന്ന് ലഭിച്ച വിവരത്തിൻെറ അടിസ്ഥാനത്തിൽ കൽപ്പറ്റ പോലീസും ഭീകരവിരുദ്ധ സ്ക്വാഡും വയനാട് ജില്ലാ ബോംബ് ഡിറ്റക്ഷൻ സ്ക്വാഡും ഇന്ന് പുലർച്ചെ മുതൽ പരിശോധന നടത്തിയിരുന്നു. അനസിൻെറെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ ഇപ്പോൾ ഗൾഫിലുള്ള മറ്റൊരു സുഹൃത്തായ ഷാജി പാപ്പൻ എന്നയാളുടെ പെരുമ്പാവൂരിൽ ഉള്ള വീട്ടിലും ഇന്നു പുലർച്ചെ പോലീസ് റെയ്‌ഡ് ചെയ്തിട്ടുള്ളതാണ്. റെയ്‌ഡ് വിവരം പുറത്തായതോടെ ഒളിവിൽ പോയ മറ്റ് സംഘാംഗങ്ങൾക്കായി തിരച്ചിൽ തുടരുകയാണ്. ആയുധ നിയമപ്രകാരം അറസ്റ്റിലായ താടി റിയാസ് എന്ന റിയാസിനെ നാളെ ആലുവ കോടതിയിൽ ഹാജരാക്കും. സംഘടിത കുറ്റകൃത്യങ്ങൾക്ക് എതിരെയുള്ള കർശനമായ നടപടികളുടെ ഭാഗമായി ഇത്തരം ആളുകളെ നിരീക്ഷിച്ചു വരുന്നതായും. തുടർനടപടികൾ ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.