യുഎസിന്റെ തീരമേഖലകളിൽ കാണപ്പെടുന്ന ഒരു പ്രത്യേക പരിസ്ഥിതി പ്രശ്നമാണ് ‘പ്രേതവനങ്ങൾ’ അഥവാ ഗോസ്റ്റ് ഫോറസ്റ്റ്. യുഎസിലെ നോർത്ത് കാരലൈനയിലാണ് ഈ പ്രതിഭാസം ഏറ്റവും തീവ്രമാകുന്നത്. ഇവിടങ്ങളിലെ വനങ്ങളുടെ 11 ശതമാനം വിസ്തീർണവും ഇത്തരത്തിൽ പ്രേതവൽക്കരിക്കപ്പെട്ടെന്നു ഗവേഷകർ പറയുന്നു. പൊടുന്നനെ ഒരു മേഖലയിൽ നിൽക്കുന്ന മരങ്ങളെല്ലാം ഇലകൾ കൊഴിഞ്ഞ് ചില്ലയുണങ്ങി, ആകാശത്തേക്ക് വെറും കുറ്റികൾ പോലെ നിൽക്കുന്ന അവസ്ഥയ്ക്കാണ് പ്രേതവനം എന്നു വിളിക്കുന്നത്. സാധാരണഗതിയിൽ കാലക്രമേണ മരങ്ങൾ ഉണങ്ങിനശിക്കാറുണ്ടെങ്കിലും കൂട്ടമായി നശിക്കാറില്ല,മാത്രമല്ല മരങ്ങൾ നശിക്കുമ്പോഴേക്കും പുതിയ മരത്തൈകൾ ഉയർന്നു വീണ്ടും പച്ചപ്പ് കൈവരികയും ചെയ്യും.എന്നാൽ പ്രേതവനങ്ങളിൽ ഈ പ്രക്രിയകൾ നടക്കാറില്ല. ന്യൂജഴ്സി സംസ്ഥാനത്തും ഈ പ്രശ്നം വ്യാപകമാണ്. അറ്റ്ലാന്റിക് വൈറ്റ് സെഡാർ എന്നയിനം മരങ്ങളാണ് ഇങ്ങനെയാകുന്നത്. ഇവയ്ക്ക് ഉപ്പുരസമുള്ള വെള്ളത്തെ പ്രതിരോധിക്കാൻ കഴിവ് വളരെ കുറവാണ്. കൊളോണിയൽ കാലഘട്ടത്തിന്റെ തുടക്കത്തിൽ ന്യൂജഴ്സിയിൽ ഒരു ലക്ഷത്തിലധികം ഏക്കറുകളോളം വ്യാപൃതിയിൽ വൈറ്റ് സെഡാർ മരങ്ങൾ നിന്നിരുന്നു. എന്നാൽ ഇന്നിത് നാലിലൊന്ന് മാത്രമാണ്.
ഈ മരങ്ങളെ പഴയ പോലെ ഒരു ലക്ഷം ഏക്കറിൽ വ്യാപിപ്പിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുകയാണ് ന്യൂജഴ്സിയിലെ അധികൃതർ. ഇതിനായി കോടിക്കണക്കിന് ഡോളർ ചെലവഴിച്ച് പുനർ വനവത്കരണമാണ് ലക്ഷ്യമിടുന്നത്. 10 വർഷത്തിൽ നടപ്പിലാക്കുകയാണ് ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതമാണ് പ്രേതവനങ്ങളെന്നാണു ശാസ്ത്രജ്ഞരുടെ പക്ഷം. കടലിന്റെ ജലനിരപ്പ് ഉയരുന്നതിനനുസരിച്ച് ഉപ്പും മറ്റു ലവണങ്ങളുമടങ്ങിയ കടൽജലം തീരപ്രദേശത്തെ വനഭൂമിയുടെ മണ്ണുമായി കൂടുതൽ ബന്ധപ്പെടും. ഇതുമൂലം, മണ്ണിന്റെ ഈർപ്പം നഷ്ടമാവുകയും മരങ്ങൾ ഉണങ്ങിത്തുടങ്ങുകയും ചെയ്യും. പ്രേതവനങ്ങൾ പിറക്കുന്നതിങ്ങനെയാണ്. യുഎസിൽ പലയിടങ്ങളിലും ഇത്തരം പ്രേതവനങ്ങളുണ്ട്. ഓറിഗണിൽ സ്ഥിതി ചെയ്യുന്ന 2000 വർഷം പഴക്കമുള്ള നെസ്കോവിൻ പ്രേതവനം ഇത്തരത്തിലുള്ളയിൽ വളരെ പ്രശസ്തമാണ്.
1985 മുതൽ 2019 വരെയുള്ള 34 വർഷ കാലയളവിൽ 21000 ഏക്കർ വനഭൂമി യുഎസിന്റെ തീരപ്രദേശങ്ങളിൽ ഈ രീതിയിൽ പ്രേതവനങ്ങളായെന്ന് നാസ ലാൻഡ്സാറ്റ് വിവരങ്ങൾ വ്യക്തമാക്കുന്നു. 2011ൽ മേഖലയിൽ വീശിയ ഐറിൻ ചുഴലിക്കാറ്റ് ഇതിനു പ്രോത്സാഹനമേകി. 2 കിലോമീറ്ററോളം കടൽവെള്ളം തീരപ്രദേശത്തേക്കു കയറിയിരുന്നു. മരങ്ങൾ ഇതിൽപെട്ട് നശിക്കുന്നതിനൊപ്പം തന്നെ അവ നിന്ന സ്ഥലങ്ങളിലേക്ക് ഉപ്പിനോട് പ്രതിരോധമുള്ള പുല്ലുകളും പാഴ്ചെടികളും കടന്നുകയറി വളരുകയും ചെയ്യും. ഇത് സന്തുലിതാവസ്ഥയെ മൊത്തത്തിൽ നശിപ്പിക്കുന്നെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഈ വനത്തിനെ ആശ്രയിച്ച് ജീവിക്കുന്ന റെഡ് വൂൾഫ്, റെഡ് കൊക്കേഡഡ് വുഡ്പെക്കർ തുടങ്ങിയ ജീവികൾ ഇതിനാൽ വംശനാശം നേരിടുകയാണ്.