തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എം.എല്‍.എയ്ക്കുമെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ യദുവിന്റെ ഹര്‍ജിയില്‍ കോടതി നിര്‍ദേശപ്രകാരമാണ് കേസെടുത്തത്. മേയർ അടക്കം അഞ്ച് പേര്‍ക്കെതിരേയാണ് കന്റോൺമെന്റ് പോലീസ് കേസെടുത്തത്. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി, അന്യായമായി തടഞ്ഞുവച്ചു എന്നിവയാണ് യദുവിന്റെ പരാതിയിലുണ്ടായിരുന്നത്.
സംഭവത്തിൽ പൊലീസ് കേസെടുക്കാതിരുന്നതോടെ യദു തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. നേരത്തെ അഭിഭാഷകന്റെ ഹർജിയിൽ മേയര്‍ക്കും എംഎൽഎക്കുമെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പ് ചുമത്തി കേസെടുത്തിരുന്നു.
ആര്യാ രാജേന്ദ്രൻ, സച്ചിൻദേവ് എംഎൽഎ, മേയറുടെ സഹോദരൻ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവർക്കെതിരെയാണ് കേസ്. പാളയത്ത് മേയറും- ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ ഇതോടെ നാല് കേസുകൾ രജിസ്റ്റര്‍ ചെയ്തു. മേയറുടെ പരാതിയിൽ ഡ്രൈവർക്കെതിരെയാണ് ആദ്യ കേസെടുത്തത്. ബസിലെ മെമ്മറി കാർഡ് കാണാതായതിനും കേസുണ്ട്. ഇതുകൂടാതെയാണ് കോടതി നിർദേശ പ്രകാരമുള്ള രണ്ട് കേസുകള്‍.
അതേസമയം, മേയര്‍ ആര്യാ രാജേന്ദ്രനുമായി തര്‍ക്കമുണ്ടായ ദിവസം കെ.എസ്.ആര്.ടി.സി. ഡ്രൈവര്‍ യദു ഡ്രൈവിങ്ങിനിടയില്‍ ഒരുമണിക്കൂറോളം മൊബൈലില്‍ സംസാരിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. തൃശ്ശൂരില്‍നിന്ന് സംഭവംനടന്ന പാളയത്ത് എത്തുന്നതുവരെ യദു പലപ്പോഴായി ഒരു മണിക്കൂറോളം ഫോണ്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സിറ്റി പോലീസ് കെ.എസ്.ആര്.ടി.സി.ക്ക് റിപ്പോര്‍ട്ട് നല്കി.