ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ 11 സംസ്ഥാനങ്ങളിലെ 93 സീറ്റുകളിലേക്ക് ഇന്ന് വോട്ടെടുപ്പു നടക്കും. രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കേണ്ടിയിരുന്ന മധ്യപ്രദേശിലെ ബേതുൽ മണ്ഡലത്തിലും ഇന്നാണു വോട്ടെടുപ്പ്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജ്യോതിരാദിത്യ സിന്ധ്യ, നാരായൺ റാണെ, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാൻ, ദിഗ്വിജയ് സിംഗ് എന്നിവരാണ് മൂന്നാം ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖര്‍.
സൂറത്തിൽ ബിജെപി സ്ഥാനാർഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാൽ അവിടെ വോട്ടെടുപ്പില്ല. ജമ്മു കശ്മീരിലെ അനന്ത്നാഗ്–രജൗരി മണ്ഡലത്തിൽ ഇന്നു നിശ്ചയിച്ചിരുന്ന വോട്ടെടുപ്പ് 25ലേക്കു മാറ്റി.
അതിനിടെ കര്‍ണാടക ബിജെപിയുടെ ‘എക്‌സ്’ അക്കൗണ്ടില്‍ മുസ്ലിങ്ങള്‍ക്കെതിരായ വിദ്വേഷ വീഡിയോ പങ്കുവച്ചതില്‍ ബിജെപി ദേശീയാധ്യക്ഷന്‍ ജെ പി നദ്ദയടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തതും പ്രചരണ വിഷയമായിട്ടുണ്ട്. കര്‍ണാടക പൊലീസാണ് നദ്ദക്കും സംസ്ഥാനാധ്യക്ഷന്‍ വിജയേന്ദ്രയ്ക്കും ഐടി സെല്‍ മേധാവി അമിത് മാളവ്യയ്ക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. മതവികാരം വ്രണപ്പെടുത്തി, മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ മുസ്ലിം വിഭാഗത്തിന് മാത്രമായി അനധികൃതമായി നല്‍കുന്നുവെന്ന് സൂചിപ്പിക്കുന്ന കാര്‍ട്ടൂണ്‍ വീഡിയോയാണ് മെയ് നാലിന് പങ്ക് വച്ചത്. ഇതിനെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് കര്‍ണാടക പൊലീസ് കേസെടുത്തത്.