കഞ്ചിക്കോട്: കാട്ടാനക്കൂട്ടം റെയിൽവേ ട്രാക്ക് കുറുകെക്കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് ചരിഞ്ഞു. മലമ്പുഴ– കൊട്ടേക്കാട് റെയിൽവേ സ്റ്റേഷൻ പരിസരത്താണ് അപകടമുണ്ടായത്. ഇന്നലെ രാത്രി 11.15നു തിരുവനന്തപുരം– ചെന്നൈ എക്സ്പ്രസ് ട്രെയിൻ (12624) ഇടിച്ചാണ് അപകടം. രണ്ടുവയസ്സുള്ള പിടിയാനയാണ് ചരിഞ്ഞത്.
ഇന്നലെ കൊട്ടേക്കാട് പന്നിമട ഭാഗത്താണ് ആനക്കൂട്ടം ട്രാക്കു കടന്നത്. വേഗം കുറവായതിനാലാണ് ആനയെ ഇടിച്ചിട്ടും ട്രെയിൻ പാളം തെറ്റാതിരുന്നതും വൻ ദുരന്തം ഒഴിവായതുമെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. ട്രെയിൻ തട്ടി ട്രാക്കിനു സമീപം വീണ ആന 15 മിനിറ്റിനു ശേഷം എഴുന്നേറ്റ് വനമേഖലയിലേക്ക് പോയെന്നാണ് ഇവർ നൽകുന്ന വിവരം.
അപകടത്തെ തുടർന്ന് ട്രെയിൻ 25 മിനിറ്റ് കൊട്ടേക്കാട്– പന്നിമട വനമേഖലയ്ക്കു സമീപം രാത്രി പിടിച്ചിട്ടു. ആനക്കൂട്ടം മാറിയെന്ന് ഉറപ്പാക്കിയ ശേഷമാണ് ട്രെയിൻ വേഗം കുറച്ച് കടന്നുപോയത്. കഴിഞ്ഞമാസം 10ന് ഇതേ സ്ഥലത്തുണ്ടായ സമാന അപകടത്തിൽ ഗുരുതര പരുക്കേറ്റ പിടിയാന വനംവകുപ്പിന്റെ ചികിത്സയ്ക്കിടെ 3 ദിവസത്തിനു ശേഷം ചരിഞ്ഞിരുന്നു.
റെയിൽവേ അധികൃതർ വിവരം നൽകിയതിനെ തുടർന്നു വാളയാർ റേഞ്ച് ഓഫിസർ മുഹമ്മദലി ജിന്നയുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘം നടത്തിയ തിരച്ചിലിൽ പരുക്കേറ്റ പിടിയാനയെ രാത്രി വൈകി അഗസ്റ്റിൻ ടെക്സ്റ്റൈൽ കമ്പനിക്കടുത്തുള്ള വനയോര മേഖലയിൽ കണ്ടെത്തിയിരുന്നു. പിന്നീടു പ്രാഥമിക ചികിത്സയ്ക്കിടെ പുലർച്ചെ രണ്ടരയോടെയാണ് ആന ചരിഞ്ഞത്.