മുഖ്യമന്ത്രി പിണറായി വിജയൻ ദുബായ് വഴി ഇൻഡൊനീഷ്യയിലേക്ക് പോയി. തിങ്കളാഴ്ച രാവിലെയാണ് മുഖ്യമന്ത്രി ദുബായിലെത്തിയത്. ട്രാൻസിറ്റ് യാത്രയായതിനാൽ അദ്ദേഹവും ഒപ്പമുണ്ടായിരുന്ന ഭാര്യ കമലയും കൊച്ചുമകനും വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങിയില്ല. രാവിലെ ഏഴോടെ ദുബായിലെത്തിയ ഇവർ 10.10-ന് ഇൻഡൊനീഷ്യയിലേക്ക് പറന്നു.
ഈ മാസം 12 വരെ അദ്ദേഹവും കുടുംബവും ഇൻഡൊനീഷ്യയിൽ ഉണ്ടാകും. പിന്നീട് 18 വരെ സിങ്കപ്പൂരിലായിരിക്കും. അന്ന് രാത്രിയോടെ ദുബായിലെത്തും. 19 മുതൽ 21 വരെ അദ്ദേഹം ദുബായിൽ തങ്ങുമെന്നാണ് അനൗദ്യോഗികവിവരം. പിന്നീട് കേരളത്തിലേക്ക് തിരികെപ്പോകും.
മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വകാര്യസന്ദർശനം ഇൻഡൊനീഷ്യ, സിങ്കപ്പൂർ, യു.എ.ഇ. എന്നീ രാജ്യങ്ങളിലേക്കാണ്. ഭാര്യയും ചെറുമകനും ഒപ്പമുണ്ട്. മകൾ വീണയും ഭർത്താവ് മന്ത്രി പി.എ. മുഹമ്മദ് റിയാസും ഇതേരാജ്യങ്ങൾ സന്ദർശിക്കുന്നുണ്ട്.
റിയാസിന്റെയും ഭാര്യയുടെയും യാത്ര മേയ് രണ്ടിന് തുടങ്ങി. തിങ്കളാഴ്ച പുലർച്ചെയാണ് മുഖ്യമന്ത്രി നെടുമ്പാശ്ശേരിയിൽനിന്ന് യാത്ര പുറപ്പെട്ടത്. മുഹമ്മദ് റിയാസും ഭാര്യയും യു.എ.ഇ.യിലേക്കാണ് ആദ്യം പോയത്. ആറാംതീയതിയോടെ ഇരുവരും ഇൻഡൊനീഷ്യയിലെത്തും. ആറുമുതൽ 12 വരെ മുഖ്യമന്ത്രിയും ഭാര്യയും ചെറുമകനും ഇൻഡൊനീഷ്യയിലുണ്ടാകും. പിന്നീടുള്ളദിവസങ്ങളിൽ എല്ലാവരുടെയും യാത്ര ഒരുമിച്ചാണ്. 12 മുതൽ 18 വരെയാണ് സിങ്കപ്പൂർ സന്ദർശനം. 19-ന് യു.എ.ഇ.യിലേക്ക് പോകും. 21 വരെയാണ് യാത്ര.