മലയാളസിനിമയിൽ ഒരു കാലഘട്ടത്തിലെ നിറസാന്നിധ്യമായിരുന്നു കനകലതയെന്ന് മോഹൻലാൽ. കിരീടം ഉൾപ്പെടെ ഒട്ടേറെ സിനിമകളിൽ ഒന്നിച്ച് അഭിനയിക്കാൻ സാധിച്ചുവെന്നും ഈ ലോകത്തോട് വിടപറഞ്ഞ പ്രിയ സഹോദരിക്ക് വേദനയോടെ ആദരാഞ്ജലികൾ നേരുന്നുവെന്നും മോഹൻലാൽ കുറിച്ചു.
‘‘മലയാളസിനിമയിൽ ഒരു കാലഘട്ടത്തിലെ നിറസാന്നിധ്യമായിരുന്നു പ്രിയപ്പെട്ട കനകലത. ഇരുന്നൂറ്റി എൺപതിലധികം മലയാള ചിത്രങ്ങളിലും ഒട്ടേറെ തമിഴ് ചിത്രങ്ങളിലും വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത അനുഗ്രഹീത കലാകാരി. കിരീടം ഉൾപ്പെടെ ഒട്ടേറെ സിനിമകളിൽ ഞങ്ങൾക്ക് ഒന്നിച്ച് അഭിനയിക്കാൻ സാധിച്ചു. ഈ ലോകത്തോട് വിടപറഞ്ഞ പ്രിയ സഹോദരിക്ക് വേദനയോടെ ആദരാഞ്ജലികൾ.’’–മോഹൻലാലിന്റെ വാക്കുകൾ.
തിരുവനന്തപുരത്തെ വസതിയിലായിരുന്നു നടിയുടെ അന്ത്യം. പാര്‍ക്കിൻസൺസും മറവിരോഗവും കാരണം ഏറെനാളായി ദുരിതാവസ്ഥയിലായിരുന്നു. 350-ലധികം ചിത്രങ്ങളിലും അമ്പതിലധികം സീരിയലുകളിലും കനകലത അഭിനയിച്ചിട്ടുണ്ട്.
പി എ ബക്കറിന്റെ സംവിധാനത്തിലുള്ള ചിത്രമായ ഉണര്‍ത്തുപാട്ടിലൂടെയായിരുന്നു അരങ്ങേറ്റം. എന്നാല്‍ ഉണര്‍ത്തുപാട്ട് റിലീസായില്ല. ലെനിൻ രാജേന്ദ്രന്റെ ചില്ല് എന്ന സിനിമയിലൂടെയാണ് പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.