ചില പലഹാരങ്ങളോട് പ്രത്യേക ഒരിഷ്ടമാണ്. അവ നമ്മളെ കൊതിപ്പിച്ചു കൊണ്ടേയിരിക്കും. അത്തരത്തിലൊന്നാണ് വട്ടയപ്പം. ഇത് പല രീതിയിൽ തയ്യാറാക്കാം. എന്നാൽ റവ കൊണ്ട് തേങ്ങയില്ലാതെ എളുപ്പത്തിൽ പഞ്ഞിപോലെയൊരു വട്ടയപ്പം തയ്യാറാക്കി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- വറുക്കാത്ത റവ – 1 1/2 കപ്പ്
- പഞ്ചസാര – 3/4 കപ്പ്
- ഏലക്കായ – 4 എണ്ണം
- ചോറ് – 1/2 കപ്പ്
- പാൽ – 1 1/2 കപ്പ്
- യീസ്റ്റ് – 1/2 ടീസ്പൂൺ
- വെള്ളം – ആവശ്യമെങ്കിൽ 1/4 കപ്പ്
- ഉപ്പ് – 1/2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
റവ, പഞ്ചസാര, ഏലക്കായ എന്നിവ മിക്സിയുടെ ജാറിലിട്ട് നന്നായി പൊടിച്ചെടുക്കുക. പൊടിച്ചെടുത്തത് മിക്സിയുടെ വലിയ ഒരു ജാറിലിട്ട് അതിലേക്ക് ചോറ്, തിളപ്പിച്ചാറിയ പാൽ, യീസ്റ്റ് എന്നിവ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ഇതൊരു വലിയ പാത്രത്തിലേക്കൊഴിച്ചു കൊടുക്കാം. മാവ് നല്ല കട്ടിയുണ്ടെങ്കിൽ ¼ ഗ്ലാസ് മുതൽ ½ ഗ്ലാസ് വരെ വെള്ളം ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിച്ചെടുക്കാം. ഇനിയിത് മൂടി പൊങ്ങാനായി മാറ്റിവയ്ക്കാം. പൊങ്ങിവന്നാൽ ഉപ്പ് ചേർത്ത് പതുക്കെ ഇളക്കിയെടുക്കാം. ഇനി വെളിച്ചണ്ണ തടവി മയപ്പെടുത്തിയ പാത്രത്തിലേക്ക് മാവ് കോരിയൊഴിച്ചു ആവിയിൽ വെച്ചു വേവിച്ചെടുക്കാം. റവ കൊണ്ടുള്ള തേങ്ങയില്ലാത്ത വട്ടയപ്പം തയ്യാറായിക്കഴിഞ്ഞു.