ഓഫ് റോഡർ ആയ ഗൂർഖയുടെ ഒരോർ വരവിനേയും വാഹനപ്രേമികൾ കാത്തിരിക്കുകയാണ്. എതിരാളികൾ ഇല്ലാത്ത ഗൂർഖ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. എന്നാലും ഗൂർഖയ്ക്ക് എതിരാളികളായി ആകെ ഉള്ളത് ജിംനിയാണ് അല്ലാതെ നേരിട്ട് എതിരാളികൾ ആരും തന്നെ ഇല്ല. കാത്തിരിപ്പിന് ഒടുവിലാണ് ഫോഴ്‌സ് മോട്ടോർസ് ഒടുവിൽ തങ്ങളുടെ ത്രീ -ഡോർ ലൈഫ്‌സ്‌റ്റൈൽ ഓഫ് -റോഡർ മോഡലായ ഗൂർഖയുടെ കൂടുതൽ പ്രായോഗികമായ ആവർത്തനം അവതരിപ്പിച്ചിരിക്കുകയാണ്.
18 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് ഫൈവ് ഡോർ പതിപ്പ് വിൽപ്പനയ്ക്ക് എത്തുന്നത്. വരും മാസങ്ങളിൽ, മഹീന്ദ്ര ഥാർ ഫൈവ് ഡോറിൽ നിന്ന് കടുത്ത മത്സരം നേരിടേണ്ടിവരും. മഹീന്ദ്ര എസ്‌യുവിയുടെ ഫൈവ് ഡോർ പതിപ്പ് താർ അർമാഡ എന്ന് വിളിക്കപ്പെടാം. ടൺ കണക്കിന് സവിശേഷതകളും പുതിയ രൂപകൽപ്പനയുമായിട്ടാണ് ഇത് വരുന്നത്.
എക്സ്റ്റീരിയർ ഡിസൈൻ
ആദ്യം നമുക്ക് അടുത്തിടെ പുറത്തിറങ്ങിയ ഫോഴ്സ് ഗൂർഖ ഫൈവ് ഡോറിൻ്റെ എക്സ്റ്റീരിയർ ഡിസൈനിനെക്കുറിച്ച് സംസാരിക്കാം. ആദ്യമായി തന്നെ പുതിയ ഗൂർഖ ഫൈവ് ഡോർ മുന്നിലും പിന്നിലും നിന്ന് ഗൂർഖ ത്രീ ഡോർ മോഡലിന് സമാനമായി കാണപ്പെടുന്നു എന്ന് പരാമർശിക്കേണ്ടതുണ്ട്.
ഗൂർഖ ലെറ്ററിംഗുകളോടുകൂടിയ ഒരൊറ്റ ബാർ ഗ്രില്ലും, എൽഇഡി DRL-കളുള്ള റൗണ്ട് ഷെയ്പ്പഡ് LED ഹെഡ്‌ലൈറ്റുകളും, ഫെൻഡറിൽ മെർസിഡീസ് ബെൻസ് G63 -ക്ക് സമാനമായ ടേൺ ഇൻഡിക്കേറ്ററുകളും ഇതിന് ലഭിക്കുന്നു എന്നത് കാണാം. വലത് വശത്തേ ഫെൻഡറിൽ ഒരു വലിയ സ്നോർക്കലും ഇതിൽ വരുന്നു . സൈഡ് പ്രൊഫൈലിലേക്ക് നീങ്ങിയാൽ 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകളാണ് ഹൈലൈറ്റ്.
മധ്യഭാഗത്തുള്ള എക്സ്ട്രാ ഡോറുകളാണ് മറ്റൊരു പ്രധാന മാറ്റം. മുൻവശത്തെ പോലെ, പിൻഭാഗവും ത്രീ ഡോർ മോഡലിന് സമാനമാണ്. കൂടാതെ റൂഫിൽ കയറാൻ ഒരു മെറ്റൽ ലാഡറും ഇതിൽ സ്റ്റാൻഡേർഡായി വരുന്നു. അളവനുസരിച്ച്, ഗൂർഖ ഫൈവ് ഡോറിന്റെ നീളം 4390 mm , വീതി 1865 mm, ഉയരം 2095 mm എന്നിങ്ങനെയാണ്. കൂടാതെ 2825 mm വീൽബേസും 233 mm ഗ്രൗണ്ട് ക്ലിയറൻസ് വാഗ്ദാനം ചെയ്യുന്നു.
ഇനി മഹീന്ദ്ര ഥാറിൻ്റെ എക്സ്റ്റീരിയർ ഡിസൈനിലേക്ക് വരികയാണെങ്കിൽ, ത്രീ ഡോർ ഥാറിന് വിപരീതമായി പുതിയ ഗ്രില്ല് രൂപകൽപ്പനയോടെയാണ് എസ്‌യുവി വരുന്നത് എന്നത് ശ്രദ്ധേയമാണ്. ഇതിന് ഒരു പുതിയ ആറ് സ്ലാറ്റ് ഗ്രില്ല് ലഭിക്കും, അത് ഒരു ഹൊറിസോണ്ടൽ മാർക്കിനാൽ രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെടും. പുതിയ എൽഇഡി ഹെഡ്‌ലൈറ്റുകളും ഇതിന് ലഭിക്കും. എന്നിരുന്നാലും, ബാക്കിയുള്ള ഫ്രണ്ട് പ്രൊഫൈൽ അതേപടി തുടരും.
സൈഡ് പ്രൊഫൈലിലേക്ക് വരുമ്പോൾ, ഗൂർഖ ഫൈവ് ഡോർ പോലെ തന്നെ, പുതിയ ഥാർ അർമാഡയ്ക്കും രണ്ട് മിഡിൽ ഡോറുകൾ ലഭിക്കും. ഥാറിൻ്റെ പ്രായോഗികത/ പ്രാക്ടിക്കാലിറ്റി വർധിപ്പിക്കാൻ ഈ എക്സ്ട്ര ഡോറുകൾ സഹായിക്കും. ഇതിനുപുറമെ, ടോപ്പ് സ്പെക്ക് വേരിയൻ്റിൽ 19 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകളാവും വരുന്നത്. ഫൈബർ റൂഫിന് പകരം ഒരു മെറ്റൽ റൂഫും ഇതിന് ലഭിക്കുന്നു.
പിൻവശവും ത്രീ ഡോർ ഥാറിന് ഏതാണ്ട് സമാനമായിരിക്കും. മൊത്തത്തിൽ, ഥാർ ഫൈവ് ഡോർ പതിപ്പിന് ഒരു പ്രത്യേക റൂഫ് റാക്ക്, സ്നോർക്കൽ അല്ലെങ്കിൽ മെറ്റൽ ലാഡർ എന്നിവയൊന്നും ലഭിക്കാത്തതിനാൽ അല്പം പരുക്കൻ ലുക്ക് കുറവായിരിക്കും. രണ്ട് മോഡലുകളും തമ്മിലുള്ള ലുക്സിൻ്റെ കാര്യത്തിൽ, അത് വ്യക്തികളുടെ ഇഷ്ടത്തെ ആശ്രയിച്ചിരിക്കും, സ്റ്റൈലിംഗ് എന്നത് എല്ലായ്പ്പോഴും ഓരോരുത്തരുടേയും അഭിരുചിയെ ആശ്രയിച്ചിരിക്കുന്ന കാര്യമാണ്.
ഇൻ്റീരിയറും ഫീച്ചറുകളും
ഗൂർഖ ത്രീ -ഡോറിൻ്റെ അതേ ഇൻ്റീരിയർ തീം തന്നെയാണ് ഗൂർഖ ഫൈവ് ഡോറിനുള്ളത്. കട്ടിയുള്ള പ്ലാസ്റ്റിക്കിൽ ഒരുക്കിയിരിക്കുന്ന വളരെ പരുക്കനും അടിസ്ഥാനപരവുമായ ഡാഷ്‌ബോർഡാണ് ഇതിന് ലഭിക്കുന്നത്. ഇതിന് വലിയ പ്രീമിയം ഫീൽ തോന്നുന്നില്ല, മാത്രമല്ല ഈ എസ്‌യുവി പ്രധാനമായും അതിൻ്റെ ശരിയായ ഉപയോഗത്തിനായി വാങ്ങുന്നവർക്ക് വളരെ അനുയോജ്യമാകും എന്ന കാര്യത്തിൽ സംശയമില്ല.
കൂടാതെ ഗൂർഖയ്ക്ക് 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സ്‌ക്രീൻ, 7.0 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 2H, 4H, 4L എന്നിവയ്‌ക്കായി ഒരു ഇലക്‌ട്രോണിക് ഫോർ വീൽ മോഡ് സെലക്ടറും ഇതിന് ലഭിക്കുന്നു. അതിനുപുറമെ, പവർ വിൻഡോകൾ, മാനുവൽ എസി, സെൻ്റർ കൺസോളിൽ ചില ബ്രോൺസ് ഗോൾഡ് ആക്‌സൻ്റുകൾ എന്നിവയും ലഭിക്കുന്നു. കോർണറിംഗ് ലൈറ്റുകളും ഫോളോ മീ ഹെഡ്‌ലാമ്പുകളും എസ്‌യുവിയുടെ മറ്റു ചില സവിശേഷതകളാണ്.
ട്വിൻ എയർബാഗുകൾ, ABS + EBD എന്നിവയും ഇതിൽ വരുന്നുണ്ട്. കൂടാതെ, ഒരു ഓഫ് റോഡ് മോഡലിന് അവശ്യ ഫീച്ചറായ ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റവും ലഭിക്കുന്നു. എസ്‌യുവി മികച്ച ഇൻ-ക്ലാസ് ഹെഡ്‌റൂമും ലെഗ് റൂമും വാഗ്ദാനം ചെയ്യുന്നു എന്നാണ് കമ്പനിയുടെ അവകാശവാദം.
മറുവശത്ത്, മഹീന്ദ്ര ഥാർ ഫൈവ് ഡോർ കൂടുതൽ പ്രീമിയവും വളരെ മികച്ചതുമായ ഇൻ്റീരിയറുമായി സജ്ജീകരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. മൊത്തത്തിലുള്ള ലേയൗട്ട് പഴയതിന് സമാനമായി തന്നെ തുടരാനാണ് സാധ്യത. എന്നിരുന്നാലും, പുതിയ XUV 3XO -യിൽ നാം കണ്ട 10.25 ഇഞ്ച് യൂണിറ്റുമായി ചെറിയ 7.0 ഇഞ്ച് ഇൻഫോടെയിൻമെൻ്റ് സ്‌ക്രീൻ മാറ്റി സ്ഥാപിക്കാൻ സാധ്യതയുണ്ട്.
എന്നാൽ, ഇതിന് ഇപ്പോഴും മാനുവൽ എസി തന്നെയാവും ലഭിക്കുക, കൂടാതെ ഒരു പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീലും ലഭിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതുകൂടാതെ, 360 -ഡിഗ്രി ക്യാമറ, TPMS, ലെവൽ 2 ADAS എന്നിവ എസ്‌യുവിയിൽ സജ്ജീകരിച്ചേക്കാം.
.
റൂഫ് മൗണ്ടഡ് സ്പീക്കറുകൾ, അഡ്രിനോഎക്സ് കണക്റ്റഡ് കാർ ടെക്നോളജി, സിംഗിൾ പേൻ ഇലക്ട്രിക് സൺറൂഫ് എന്നിവയും ഇതിൽ ഓഫർ ചെയ്യുന്ന മറ്റ് ഫീച്ചറുകളാണ്. മൊത്തത്തിൽ, പുതിയ ഥാർ ഫൈവ് ഡോറിൻ്റെ ഇൻ്റീരിയർ ഗൂർഖ ഫൈവ് ഡോറിനേക്കാൾ കൂടുതൽ പ്രീമിയം ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഇത് രണ്ടിലും കൂടുതൽ പ്രീമിയം ഫീൽ നൽകുന്നത് ഥാർ തന്നെ ആയിരിക്കാം.
എഞ്ചിൻ ഓപ്ഷനുകൾ
ഫോഴ്സ് ഗൂർഖ ഫൈവ് ഡോറിന് 2.6 ലിറ്റർ ഡീസൽ ഫോർ സിലിണ്ടർ യൂണിറ്റ് എന്ന ഒരൊറ്റ പവർട്രെയിൻ ഓപ്ഷൻ മാത്രമേ ലഭിക്കുന്നുള്ളൂ. ഈ മോട്ടോർ 140 PS മാക്സ് പവറും 320 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു. എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി മാത്രമേ കണക്ട് ചെയ്തിട്ടുള്ളൂ.
മറുവശത്ത് മഹീന്ദ്ര ഥാർ ഫൈവ് ഡോർ ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകളിലാണ് വിപണിയിൽ എത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം, സ്കോർപിയോ -N -ൻ്റെ 2.0 -ലിറ്റർ ടർബോ പെട്രോൾ, 2.2 -ലിറ്റർ ഡീസൽ എഞ്ചിനുകൾ ഇതിന് മിക്കവാറും ലഭിച്ചേക്കും. പെട്രോൾ എഞ്ചിൻ 200 bhp കരുത്തും 370 Nm അല്ലെങ്കിൽ 380 Nm torque ഉം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
അതേസമയം, ഡീസൽ എഞ്ചിൻ 172 bhp പവറിനൊപ്പം 370 Nm അല്ലെങ്കിൽ 400 Nm torque പുറപ്പെടുവിക്കാനാകും. ട്രാൻസ്മിഷൻ ഓപ്ഷനുകളെ സംബന്ധിച്ചിടത്തോളം, ഥാറിന് ആറ് സ്പീഡ് മാനുവലും ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്ക് യൂണിറ്റും വാഗ്ദാനം ചെയ്യാൻ കഴിയും.