സൗദിയിലെ റിയാദിൽ അൽഖർജ് റോഡിലുണ്ടായ വാഹനാപകടത്തെ തുടർന്ന് തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മലപ്പുറം വള്ളിക്കുന്ന് നീരോൽപ്പാലം പറമ്പാളിൽ വീട്ടിൽ ശഫീഖാണ് (26) മരിച്ചത്. നാഷണൽ ഗാഡ് ഹോസ്പിറ്റലിൽ തീവ്ര പരിചരണത്തിൽ ചികിത്സയിലായിരുന്നു. അവിവാഹിതനാണ്. മയ്യിത്ത് റിയാദിൽ കബറടക്കുന്നതിന് റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിംഗ് റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചുവരികയാണ്. പിതാവ് അബ്ദുൽ ലത്തീഫ്. മാതാവ് സുലൈഖ.
അതേസമയം, ഉംറ നിർവഹിക്കാനായി എത്തിയ മലയാളി യുവതി മക്കയിൽ കുഴഞ്ഞുവീണ് മരിച്ചു. കണ്ണുർ മയ്യിൽ കുറ്റിയാട്ടൂർ സ്വദേശിനി പടിഞ്ഞാറെ കണിയാംങ്കണ്ടി സുഹൈല (25) യാണ് മരിച്ചത്. ഉംറ ചെയ്തു കൊണ്ടിരിക്കെ കുഴഞ്ഞുവീണ് മരിച്ചത്. ഖത്തറിലായിരുന്ന ഇവർ ഉംറ നിർവഹിക്കാനായി മക്കയിലെത്തിയതായിരുന്നു. ഖത്തറിലെ അറഫാത്ത് ഉംറ ഗ്രൂപ്പിലായിരുന്നു ഇവർ വന്നത്.
ഭർത്താവ് ഷറഫുദ്ദീൻ സഖാഫി തളിപ്പറമ്പായിരുന്നു ഗ്രൂപ്പിന്‍റെ അമീർ. ഞായറാഴ്ച രാത്രി ഹറമിൽ പ്രാർഥന നടത്തുന്നതിനിടെയാണ് കുഴഞ്ഞു വീണത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചെയോടെ മരണം സംഭവിച്ചു. മക്കൾ: റഹ്മത്ത് (ആറ് വയസ്സ്), മുഹമ്മദ് (അഞ്ച് വയസ്സ്)