Bigg Boss Malayalam Season 6: ബിഗ് ബോസ് വീട്ടിൽ കോളിളക്കം സൃഷ്ടിക്കാൻ ചലഞ്ചറായി ആ അതിഥി എത്തുന്നു: വൈറലായി പ്രമോ വീഡിയോ

ബിഗ് ബോസിലെ ഏറ്റവും രസകരമായ ടാസ്കുകളില്‍ ഒന്നാണ് ഹോട്ടല്‍ ടാസ്ക്. പുറത്തുനിന്നും എത്തുന്ന ചലഞ്ചേര്‍സിനെ ഒരു അതിഥിയെപ്പോലെ പരിപാലിക്കാന്‍ വീട്ടിലുള്ളവര്‍ ശ്രമിക്കണം എന്നതാണ് ഈ ടാസ്കിന്‍റെ അടിസ്ഥാനം. ഇത്തരത്തില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ഹോട്ടല്‍ ടാസ്കില്‍ ആദ്യത്തെ അതിഥി എത്തുന്നു എന്ന പ്രമോയാണ് ഏഷ്യാനെറ്റ് പുറത്തുവിട്ടത്.

ബിഗ് ബോസ് മലയാളത്തിന്‍റെ ആദ്യ സീസണില്‍ വിജയിയായ സാബു മോനാണ് ചലഞ്ചറായി വീട്ടില്‍ എത്തുന്നത്. ആദ്യ സീസണിന് ശേഷം ആദ്യമായാണ് സാബു മോന്‍ ബിഗ് ബോസ് വേദിയില്‍ എത്തുന്നത്. കാറിന്‍റെ ഹോണടി ശബ്ദം കേള്‍ക്കുമ്പോള്‍ അതിഥിയെത്തും എന്ന് ബിഗ് ബോസ് പറയുന്നുണ്ട്. ഈ സമയത്താണ് സാബു എത്തുന്നതായി പ്രമോയില്‍ കാണിക്കുന്നത്.

ബിഗ് ബോസ് വീട് ഒരു ഹോട്ടല്‍ പോലെ മാറിയിട്ടുണ്ട് പ്രമോയില്‍. കഴിഞ്ഞ സീസണില്‍ മുന്‍ സീസണിലെ മത്സരാര്‍ത്ഥികളായ രജിത്ത് കുമാറും, ഡോ. റോബിനും ആയിരുന്നു ചലഞ്ചേര്‍സ് ഇതില്‍ ഡോ. റോബിന്‍ ബഹളം വച്ചതിന് ഒടുവില്‍ ബിഗ് ബോസ് തന്നെ പുറത്താക്കിയിരുന്നു. ഇത്തവണ ഒന്നിലേറെ ചലഞ്ചേര്‍സ് വീട്ടിലെത്തും എന്നാണ് വിവരം.

വീട്ടിലുള്ളവര്‍ക്ക് ഹോട്ടല്‍ ടാസ്ക് ഒരു പവര്‍ ടാസ്കാണ്. അടുത്ത ആഴ്ചയിലെ പവര്‍ ടീം ആരാണ് എന്നതാണ് ഈ ടാസ്കിലൂടെ തീരുമാനിക്കപ്പെടുന്നത്. എന്തായാലും മലയാളം ബിഗ് ബോസ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്ലേയര്‍ വീണ്ടും ബിഗ് ബോസിലേക്ക് വരുന്നത് ആവേശത്തോടെയാണ് സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പുകളില്‍ ചര്‍ച്ചയാകുന്നത്.

സാബു മോന്‍റെ ഇന്‍പുട്ടുകള്‍ ചിലപ്പോള്‍ ഇപ്പോഴത്തെ ബിഗ് ബോസ് സീസണിന്‍റെ ഗതി മാറ്റിയേക്കാം എന്നതാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്.