കൊണ്ടോട്ടി : കൊച്ചിയിലും കണ്ണൂരിലും ഹജ്ജ് സർവീസ് ഏറ്റെടുത്ത സൗദി എയർ, ഹജ്ജ് വിമാനങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു. ആദ്യവിമാനം കൊച്ചിയിൽനിന്നുള്ളത് 26-നും കണ്ണൂരിൽനിന്നുള്ളത് ജൂൺ ഒന്നിനും പുറപ്പെടും. കരിപ്പൂരിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം 21-ന് പുറപ്പെടുമെന്നാണ് സൂചന. ഷെഡ്യൂൾ പ്രഖ്യാപിച്ചിട്ടില്ല.
കൊച്ചിയിൽനിന്നുള്ള ആദ്യവിമാനം 26-ന് 12.10-ന് പുറപ്പെട്ട് പ്രാദേശികസമയം 3.40-ന് ജിദ്ദയിലെത്തും. ജൂൺ ഒമ്പതുവരെയായി മൊത്തം 16 സർവീസുകളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഒരേസമയം 275-285 തീർഥാടകർ പുറപ്പെടും. 27, 30, ജൂൺ രണ്ട്, ഏഴ്, ഒമ്പത് തീയതികളിൽ രണ്ടുവീതവും 28, 29, 31, ജൂൺ മൂന്ന്, അഞ്ച് തിയതികളിൽ ഓരോ വിമാനങ്ങളും മടക്കസർവീസ് നടത്തും.
നിലവിലെ കണക്കുപ്രകാരം കൊച്ചി വഴി 4239 തീർഥാടകരാണ് പുറപ്പെടുന്നത്. കൊച്ചിയിൽനിന്ന് പുറപ്പെടുന്നവരുടെ മടക്കസർവീസ് ജൂലായ് 10 മുതൽ 21 വരെ നടക്കും. ആദ്യവിമാനം പത്തിന് പുലർച്ചെ 2.05-ന് പുറപ്പെട്ട് 10.25-ന് കൊച്ചിയിലെത്തും. 11, 13, 15, 18, 20 തീയതികളിൽ രണ്ടു സർവീസുകളും മറ്റു ദിവസങ്ങളിൽ ഒരു സർവീസുമാണ് സൗദി എയർ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
കണ്ണൂരിൽനിന്ന് ജൂൺ 10 വരെ ഒമ്പത് സർവീസുകളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ആദ്യവിമാനം ജൂൺ ഒന്നിന് പുലർച്ചെ 5.55-ന് പുറപ്പെട്ട് പ്രാദേശികസമയം 8.50-ന് ജിദ്ദയിലെത്തും. ഇതിൽ 368 തീർഥാടകർ പുറപ്പെടും. ജൂൺ മൂന്ന്, ഏഴ് തീയതികളിൽ രണ്ടു വിമാനസർവീസുകളും അഞ്ച്, എട്ട്, ഒമ്പത് 10 തീയതികളിൽ ഒരോ വിമാനവും സർവീസ് നടത്തും. 363-372 തീർഥാടകർ ഒരു വിമാനത്തിൽ യാത്രയാകും.
കണ്ണൂരിൽനിന്ന് പുറപ്പെടുന്നവരുടെ മടങ്ങിവരവ് ജൂലായ് 10 മുതൽ 19 വരെയാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ആദ്യവിമാനം പത്തിന് മദീനയിൽനിന്ന് പ്രാദേശികസമയം പുലർച്ചെ 3.50-ന് പുറപ്പെട്ട് 12 മണിക്ക് കണ്ണൂരിലെത്തും. രണ്ടാം വിമാനം പത്തിന് ഉച്ചയ്ക്ക് 1.40-ന് പുറപ്പെട്ട് രാത്രി 9.50-ന് കണ്ണൂരിലിറങ്ങും. 12, 13, 16, 17, 18 രണ്ടു സർവീസുകൾ, 19 തീയതികളിൽ ഹജ്ജ് മടക്കസർവീസുകൾ നടത്തും.