പ്രമേഹ രോഗികള്‍ക്ക് എന്തുകഴിക്കാനും പേടിയാണ്. അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങളാണ് പ്രമേഹ രോഗികള്‍ തെരഞ്ഞെടുക്കേണ്ടത്. പഴങ്ങള്‍ പൊതുവേ മധുരമുള്ളതിനാല്‍ ഇവ കഴിച്ചാല്‍ ഷുഗര്‍ കൂടുമോ എന്നാണ് പലരുടെയും സംശയം. എന്നാല്‍ ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ പഴങ്ങള്‍ പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം.
എന്നാല്‍ പ്രമേഹ രോഗികള്‍ക്ക് മാമ്പഴം കഴിക്കാമോ എന്നതാണ് അടുത്ത ചോദ്യം. വിറ്റാമിനുകളും ധാതുക്കളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഒരു പഴമാണ് മാമ്പഴം. അയേണും പൊട്ടാസ്യവുമൊക്കെ ഇവയില്‍ ധാരാളമുണ്ട്. എന്നാല്‍ കാർബോഹൈഡ്രേറ്റും കലോറിയും മധുരവും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ മാമ്പഴം വലിയ അളവിൽ കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടും എന്നതില്‍ സംശയമില്ല.
അതിനാല്‍ പ്രമേഹ രോഗികള്‍ പരമാവധി മാമ്പഴം കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. എങ്കിലും വലപ്പോഴും പ്രമേഹ രോഗികള്‍ ചെറിയ അളവില്‍ മാമ്പഴം കഴിക്കുന്നതില്‍ തെറ്റില്ല.
പ്രമേഹ രോഗികള്‍ ഒഴിവാക്കേണ്ട മറ്റ് പഴങ്ങള്‍…
നേന്ത്രപ്പഴം, പൈനാപ്പിള്‍ തുടങ്ങിയ പഴങ്ങളില്‍ പഞ്ചസാര ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ പ്രമേഹ രോഗികള്‍ മിതമായ അളവില്‍ മാത്രം കഴിക്കുന്നതാകും ഉചിതം.
പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ചില പഴങ്ങളെ പരിചയപ്പെടാം…
ആപ്പിള്‍, ഓറഞ്ച്, നാരങ്ങ, മാതളം, ചെറി, പീച്ച്, കിവി തുടങ്ങിയവയൊക്കെ പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം.