ഷാര്‍ജ: പുതിയ വാതക ശേഖരം കണ്ടെത്തിയതായി ഷാര്‍ജ പെട്രോളിയം കൗണ്‍സില്‍. അല്‍ സജാ വ്യവസായ മേഖലയുടെ വടക്കുഭാഗത്ത് അല്‍ ഹദീബ ഫീല്‍ഡിലാണ് വലിയ അളവില്‍ വാതക ശേഖരമുള്ളതായി കണ്ടെത്തിയിരിക്കുന്നത്. ഷാര്‍ജ നാഷണല്‍ ഓയില്‍ കോര്‍പ്പറേഷന്‍ നടത്തിവരുന്ന ഖനനത്തിലാണ് വാതക ശേഖരം കണ്ടെത്തിയത്. വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദനം തുടങ്ങിയാല്‍ യുഎഇക്ക് സാമ്പത്തികമായി വലിയ നേട്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഷാര്‍ജ നാഷണല്‍ ഓയില്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി ഇവിടെ നടത്തിയ ഖനനത്തിലാണ് പുതിയ വാതകശേഖരം കണ്ടെത്തിയത്.
ഇതിന്റെ അളവ് കണ്ടെത്തുന്നതിനുള്ള നടപടികള്‍ വരുംദിവസങ്ങളില്‍ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പുതിയ കണ്ടെത്തലോടെ അല്‍ ഹദീബ ഷാര്‍ജയിലെ വലിയ വാതക പാടങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ്. ഷാര്‍ജയിലെ അഞ്ചാമത്തെ വാതകപാടമാണിത്. അല്‍ സജാ, കാഹീഫ്, മഹനി, മുഐദ് തുടങ്ങിയവയാണ് മറ്റ് വാതക പാടങ്ങള്‍. 2020ന് ശേഷം ഷാര്‍ജയില്‍ കണ്ടെത്തുന്ന വലിയ വാതക പാടമാണ് അല്‍ ഹദീബയിലേക്ക്. മൂന്ന് പതിറ്റാണ്ടിനിടയിലെ വലിയ കണ്ടെത്തലായിരുന്നു 2020ലേത്.