മുഖക്കുരു എല്ലാവരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ്. എന്തൊക്കെ പ്രതിവിധികള്‍ പരീക്ഷിച്ചാലും ഒന്നും ശാശ്വതമല്ല. മരുന്നിന്റെ എഫക്ട് കഴിയുമ്പോള്‍ മുഖക്കുരു വീണ്ടും വരും. എങ്കില്‍ പിന്നെ വിലകൊടുത്തു വാങ്ങുന്ന മരുന്നുകള്‍ ഒഴിവാക്കി ഒരു വീട്ടു വൈദ്യം പരീക്ഷിച്ചാലോ. അതിനേറ്റവും നല്ല മരുന്ന് അടുക്കളയില്‍ തന്നെയുണ്ട്. ഒരു വെളുത്തുള്ളി പ്രയോഗം. വെളുത്തുള്ളി ഭക്ഷണത്തിലുപയോഗിക്കാത്ത ആരും തന്നെയുണ്ടാകില്ല. എന്നാലിത് ഭക്ഷണത്തിനു മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ഉപയോഗിക്കാം.
വെളുത്തുള്ളി പേസ്റ്റ് തയാറാക്കാം
മുഖക്കുരു നീക്കം ചെയ്യാന്‍ വെളുത്തുള്ളി പല രീതിയില്‍ ഉപയോഗിക്കാം. അതിലൊന്ന് വെളുത്തുള്ളി പേസ്റ്റാണ്. അതിനാദ്യം മൂന്നോ നാലോ ചെറിയ വെളുത്തുള്ളി തൊലി കളഞ്ഞ് ചതച്ചെടുക്കാം. ഇനി ഈ പേസ്റ്റ് മുഖക്കുരുവുള്ള ഭാഗങ്ങളില്‍ നേരിട്ട് പുരട്ടാം. പത്ത് മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം. ആഴ്ചയില്‍ മൂന്നോ നാലോ തവണ ഈ വെളുത്തുള്ളി പേസ്റ്റ് പരീക്ഷിക്കാം. മുഖക്കുരുവിന് ശമനമുണ്ടാകുമെന്നതില്‍ സംശയമില്ല. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മത്തിലെ അണുബാധകള്‍ നീക്കുകയും മുഖക്കുരു വരാനുള്ള സാധ്യത ഒഴിവാക്കുകയും ചെയ്യും.
വെളുത്തുള്ളിക്കൊപ്പം കറ്റാര്‍ വാഴയും
കറ്റാര്‍ വാഴ ജെല്ലിനൊപ്പം ചേര്‍ത്തും വെളുത്തുള്ളി ഉപയോഗിക്കാം. മൂന്നോ നാലോ വെളുത്തുള്ളി തൊലി കളഞ്ഞ് ചതച്ച് നീരെടുത്ത ശേഷം അതിലേക്ക് കറ്റാര്‍ വാഴ ജെല്‍ ചേര്‍ക്കുക. നന്നായി മിക്‌സ് ചെയ്തതിനു ശേഷം മുഖക്കുരുവുള്ള ഭാഗത്ത് ഈ മിശ്രിതം പുരട്ടി നന്നായി മസാജ് ചെയ്യാം. ഒരു പത്തു പതിനഞ്ചു മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം. ദിവസവും ഇതാവര്‍ത്തിക്കുന്നത് മുഖക്കുരുവിനെ അകറ്റി നിര്‍ത്താന്‍ സഹായിക്കും.
വെളുത്തുള്ളിയും മഞ്ഞളും
വെളുത്തുള്ളി മാത്രമായി ഉപയോഗിക്കുന്നത് ഗുണകരമാണെങ്കിലും മറ്റു പലതിനൊപ്പവും ചേര്‍ത്ത് ഉപയോഗിക്കുമ്പോള്‍ പതിന്മടങ്ങ് ഗുണം ലഭിക്കുമെന്നത് വെളുത്തുള്ളിയുടെ പ്രത്യേകതയാണ്. കറ്റാര്‍ വാഴ ജെല്‍ ചേര്‍ത്ത് ഉപയോഗിക്കുന്നതു പോലെ തന്നെ മഞ്ഞള്‍ ചേര്‍ത്തും വെളുത്തുള്ളി നീര് ഉപയോഗിക്കാം. മഞ്ഞള്‍പ്പൊടി ചേര്‍ത്ത വെളുത്തുള്ളി നീര് മുഖക്കുരുവുള്ള ഭാഗത്ത് പുരട്ടി നന്നായി മസാജ് ചെയ്യാം. പിന്നീട് കഴുകിക്കളയാം. മികച്ച ഫലം ലഭിക്കുന്നതിനു ഇത് ദിവസവും ചെയ്യാവുന്നതാണ്.