സംസ്ഥാനത്ത് നാലു ദിവസമായി ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഉള്‍പ്പടെ തടസപ്പെടുമ്പോള്‍ വിഷയത്തില്‍ തീരുമാനമെടുക്കാതെ ഗതാഗതമന്ത്രി വിദേശ സന്ദര്‍ശനം നടത്തുന്നത് വിവാദത്തില്‍. നാലുദിവസമായി സംസ്ഥാനത്ത് എല്ലാ വാഹന പരീക്ഷകളും റദ്ദാക്കിയിരുക്കുമ്പോള്‍ മൗനം പാലിച്ച് വിദേശത്തേക്ക് പോയ ഗതാഗതമന്ത്രി ഒളിച്ചുകളിക്കുകയാണെന്ന സമരസമിതിയുടെ വിലയിരുത്തല്‍.
ഗതാഗത വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കാതെ ഡ്രൈവിങ് സ്‌കൂള്‍ നടത്തിപ്പുകാരുടെ സംയുക്ത സമരസമിതി നടത്തിവരുന്ന സമരം അവസാനിപ്പിക്കെല്ലെന്നു അവര്‍ വ്യക്തമാക്കി കഴിഞ്ഞു. സര്‍ക്കുലറുമായി മുന്നോട്ടു പോകുമെന്ന് പറയുമ്പോഴും മൂന്ന് മുതല്‍ ആറ് മാസത്തിനുള്ളില്‍ നടപ്പാക്കിയാമതിയെന്ന മന്ത്രിയുടെ വാക്കുകളില്‍ ഒരു വ്യക്തതയില്ലെന്ന് സമര സമിതി ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനതലത്തില്‍ കടുത്ത സമര പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന സമരസമിതി അറിയിച്ചു. തിരുവനന്തപുരം മുട്ടത്തറയിലുള്ള ഓട്ടോമറ്റിക്ക് ഡ്രൈവിങ് കേന്ദ്രത്തിലാണ് സംസ്ഥാനതല സമരം നടത്തുന്നത്. വിഷയത്തില്‍ കൃത്യമായ നിലപാട് മന്ത്രി പറഞ്ഞെന്നും സര്‍ക്കുലറുമായി മുന്നോട്ടു പോകാനാണ് ഗതാഗതവകുപ്പിന്റെ തീരുമാനം. വിദേശ യാത്രയ്ക്കു മുന്‍പു തന്നെ മന്ത്രി ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നാണ് മന്ത്രിയുടെ ഓഫീസ് അറിയിച്ചത്.
അതേസമയം ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കാരങ്ങള്‍ ഉള്‍പ്പെടുത്തിയ സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ ഗതാഗതമന്ത്രിയെ വഴിയില്‍ തടയുമെന്ന പറഞ്ഞിരുന്ന സി.ഐ.ടിയു യൂണിയന്‍ വിഷയത്തില്‍ ഒരു നിലപാടും എടുക്കാതെ ഉരുണ്ട് കളിക്കുന്നു. മുഖ്യമന്ത്രിയെപ്പോലും വകവെയ്ക്കാതെ ധാര്‍ഷ്ട്യത്തോടെ മുന്നോട്ട് പോകുന്ന ഗതാഗതമന്ത്രി എത്രയും വേഗത്തില്‍ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് ഡ്രൈവിംഗ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ മറ്റു സംഘടനകള്‍ സമരം തുടങ്ങിയതോടെ നിലപാടില്‍ അവര്‍ വെള്ളം ചേര്‍ത്തു. രണ്ടു വള്ളത്തില്‍ കാലു ചവിട്ടി നില്‍ക്കുന്ന സിഐടിയുവിന്റെ ഇരട്ടത്താപ്പ് എല്ലാവര്‍ക്കും മനസിലായതായി ഐഎന്‍ടിയുസി യൂണിയന്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയും പാര്‍ട്ടിയും കണ്ണുരിട്ടിയതോടെയാണ് സിഐടിയുവിന്റെ പിന്‍മാറ്റം. എന്നാല്‍ ഇപ്പോഴും പലയിടത്തും നടക്കുന്ന സമരങ്ങളില്‍ സിഐടി യൂണിയനില്‍ ഉള്ളവര്‍ പങ്കെടുക്കുന്നത് സംസ്ഥാന നേതൃത്വത്തിന്റെ ആശയക്കുഴപ്പമാണെന്ന് വിലയിരുത്തപ്പെടുന്നു. വിഷയത്തില്‍ ഗതാഗതമന്ത്രിയെ പലതവണ വിമര്‍ശിച്ചിട്ടുള്ള സിഐടിയു ഇപ്പോള്‍ വായ് തുറക്കുന്നില്ല. മന്ത്രിയുടെ വീടിനു മുന്നില്‍ സമരം നടത്തുമെന്നും മന്ത്രിയെ വഴിതടയുമെന്നൊക്കെ തട്ടിവിട്ട യൂണിയന്‍ മുഖ്യമന്ത്രിയുടെ ഇടപെടലോടെ ഉള്‍വലിയുകയായിരുന്നു.
അതിനിടെ, ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണങ്ങളെ യൂണിയന്‍ കൈയടിച്ച് പാസാക്കിയെന്ന ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ വാദം സിഐടിയു തള്ളി. ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്ന് ഓള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) ഭാരവാഹികള്‍ കഴിഞ്ഞദിവസം വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി. 23ന് ചര്‍ച്ച നടക്കുന്ന സാഹചര്യത്തിലാണ് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മേയ് രണ്ടു മുതല്‍ പ്രഖ്യാപിച്ച സമരം സിഐടിയു തല്‍ക്കാലത്തേക്ക് മാറ്റിവെച്ചതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു.
ഫെബ്രുവരി 21 ഇറക്കിയ സര്‍ക്കുലര്‍ പന്‍വലിക്കുക, ലേണിങ് ടെസ്റ്റ് സ്ലോട്ട് 30 ആയി കുറച്ച തീരുമാനം മാറ്റുക, ടെസ്റ്റ് ഗ്രൗണ്ട് ഗതാഗതവകുപ്പ് ഏറ്റെടുത്ത വിപുലീകരിച്ചതിനുശേഷം മാത്രം പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കുക എന്നതാണ് സിഐടിയുവിന്റെ ആവശ്യം. ലേണേഴ്‌സ് ടെസ്റ്റുകളുടെ എണ്ണത്തില്‍ മാത്രം ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് യൂണിയന്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടെങ്കിലും അതൊന്നും ഗതാഗത വകുപ്പും മന്ത്രിയും ചെവിക്കൊണ്ടില്ലെന്നാണ് ആക്ഷേപം.
ഒരോദിവസവും നിലപാടില്‍ മാറ്റം വരുത്തുന്ന സിഐടിയു യൂണിയനെതിരെ ഐഎന്‍ടിയുസി ഉള്‍പ്പടെയുള്ള സംഘടനകള്‍ രംഗത്തുവന്നു. പോലീസ് സംരക്ഷണയോടെ ഡ്രൈവിംഗ് ടെസ്റ്റ് നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പ് നീക്കം നടത്തിയെങ്കിലും മിക്കയിടത്തും ഐഎന്‍ടിയുസി സംഘടനകളുടെ നേതൃത്വത്തില്‍ സമരം നടന്നു. മുട്ടത്തറയിലെ ഓട്ടോമാറ്റിക്ക് ടെസ്റ്റങ് കേന്ദ്രത്തില്‍ സ്വന്തം വാഹനവുമായി ടെസ്റ്റില്‍ പങ്കെടുക്കാനെത്തിയ രണ്ടു പേരെ പ്രതിഷേധക്കാര്‍ തടഞ്ഞുവെങ്കിലും പൊലീസ് ഇവരെ അകത്തേക്ക് കയറ്റി. പക്ഷെ ഇവര്‍ക്ക് നല്‍കിയിരുന്ന സ്ലോട്ട് റദ്ദായതിനാല്‍ ടെസ്റ്റില്‍ പങ്കെടുക്കാനാവാതെ അവര്‍ മടങ്ങി. പ്രതിദിനം നല്‍കുന്ന ലൈസന്‍സുകളുടെ എണ്ണം 40 ആക്കാന്‍ തീരുമാനമെടുത്തതോടെ നേരത്തെ ബുക്ക് ചെയ്തിരുന്നവരില്‍ പലര്‍ക്കും ടെസ്റ്റില്‍ പങ്കെടുക്കാനായില്ല. ടെസ്റ്റ് മുടങ്ങിയതുമായി ബന്ധപ്പെട്ട് കൃത്യമായ സന്ദേശം അയക്കാന്‍ നിലവില്‍ സാഹചര്യമില്ലെന്ന് വ്യക്തമാക്കിയ ഗാതാഗത വകുപ്പ് എന്ത് തുടര്‍ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയില്ല.
പതിനഞ്ചു വര്‍ഷം മുന്‍പുള്ള വാഹനങ്ങളില്‍ ടെസ്റ്റ് അനുവദിക്കില്ലെന്ന നിബന്ധന, കാറിലുള്ള ഇരട്ട ക്ലച്ചും ബ്രേക്കും മാറ്റുക, ലേണേഴ്‌സ് ടെസ്റ്റുകളുടെ എണ്ണം കൂട്ടുക എന്നീ ആവശ്യങ്ങള്‍ അംഗീകരിക്കില്ലെന്നും. സര്‍ക്കുലര്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നും സംയുക്ത സമരസമിതി അഭിപ്രായപ്പെട്ടു. ഡ്രൈവിങ് സ്‌കൂള്‍ ഓണേഴ്‌സ് സമിതി, ഓള്‍ കേരള മോട്ടോര്‍ ഡ്രൈവിങ് സ്‌കൂള്‍ ഇന്‍സ്ട്രക്ടേഴ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ അടക്കം സംഘടനകള്‍ വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കും വരെ പണിമുടക്കില്‍ ഉറച്ചു നില്‍ക്കാനാണ് ഉദ്ദേശിക്കുന്നത്.
സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് വ്യാപിപ്പിക്കാനും ഇവര്‍ തീരുമാനം എടുത്തിട്ടുണ്ട്. അടുത്തയാഴ്ച ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തും. അന്തിമ തീരുമാനം ഇന്നുണ്ടായേക്കും. ഇന്നലെ മിക്കയിടങ്ങളിലും ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ സമരം നടന്നിരുന്നു. മറ്റ് സംഘടനകള്‍ സമരം ശക്തമാക്കിയത് സിഐടിയുവിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സമരക്കാര്‍ ചൂണ്ടിക്കാട്ടുന്ന സര്‍ക്കുലറിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിന് മൂന്നു മുതല്‍ ആറ് മാസം വരെ സാവകാശം നല്‍കിയെന്നും പറയുന്നു.
പുതിയ ഉത്തരവിലൂടെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവ് നല്‍കിയെന്നാണ് വ്യാഖ്യാനമെങ്കിലും ഇളവല്ല, അല്‍പം സമയമനുവദിക്കല്‍ മാത്രമാണുണ്ടായത്. 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ മാറ്റാന്‍ ആറു മാസം സാവകാശമാണ് നല്‍കിയത്. 15 വര്‍ഷം കഴിഞ്ഞ മറ്റു വാഹനങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ഫിറ്റ്‌നസ് നേടി റോഡില്‍ ഓടാന്‍ അനുവാദമുണ്ടെങ്കില്‍ ഇതേ വ്യവസ്ഥകള്‍ തങ്ങള്‍ക്കും ബാധകമാക്കണമെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.