തൃശ്ശൂര്‍ :ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞിട്ടും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡുകള്‍ ഇതുവരെ അഴിച്ചു മാറ്റാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറായിട്ടില്ല.
അഴിച്ചു മാറ്റണമെന്ന ഉത്തരവും, വകുപ്പു മന്ത്രിയുടെ അപേക്ഷയും വന്നു. എന്നിട്ടും, ബോര്‍ഡുകള്‍ കെട്ടാന്‍ ഉയര്‍ന്ന കൈകള്‍, അത് അഴിച്ചു മാറ്റാന്‍ പൊങ്ങുന്നില്ല എന്നതാണ് വസ്തുത. പ്രചാരണത്തിന് ഉപയോഗിച്ച വിവിധ രൂപത്തിലുള്ള കമാനങ്ങള്‍, ബോര്‍ഡുകള്‍ ഫ്‌ളക്‌സുകള്‍,കൊടി തോരണങ്ങള്‍ തുടങ്ങിയവ ജില്ലയിലെ പ്രധാന സെന്ററുകളില്‍ നീക്കം ചെയ്യാതെ ഇപ്പോഴും തുടരുന്നു.
ഗ്രാമപ്രദേശങ്ങളിലും വിവിധ ഉള്‍ഡോടുകളിലും നടപ്പാതകളിലും ഇപ്പോഴും പലതും അവശേഷിക്കുന്നുണ്ട്. ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കാണിച്ച ആവേശം നീക്കം ചെയ്യുന്നതില്‍ കാണിക്കുന്നില്ല. കാല്‍നടയാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ഇതുമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. തൃശ്ശൂരിന്റെ വിവിധ ഇടറോഡുകളിലും നടപ്പാതകളിലും പോസ്റ്ററുകളും ഇപ്പോഴും ബാക്കിയാണ്.
നഗരത്തിലെ കൊക്കാല ട്രാഫിക് ജംഗ്ഷന്‍, കുരിയച്ചിറ പട്ടാള കിണര്‍ റോഡ്, അയ്യന്തോള്‍ തൃശൂര്‍ ലോ കോളജ് റോഡ്, തൃശ്ശൂര്‍ ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് സ്‌കൂളിലെ പിന്നിലുള്ള റോഡ്, മയിലി പാടം തുടങ്ങിയ സ്ഥലങ്ങളില്‍ ബോര്‍ഡുകളും പോസ്റ്റുകളും ഇപ്പോഴുമുണ്ട്.
ഡ്രൈവര്‍മാരുടെ കാഴ്ച മറക്കുന്ന രീതിയിലും കാല്‍ നട യാത്രക്കാര്‍ക്ക് തടസ്സമാകുന്ന രീതിയിലുമാണ് ഇവ. റോഡരികില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി 2018ലും 2021ലും ഉത്തരവിട്ടിരുന്നു. ഇത് പാലിച്ചില്ലെങ്കില്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്കെതിരെ നടപടിയെടുക്കാനും നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ തിരഞ്ഞെടുപ്പ് കാലമായതോടെ എല്ലാം പഴയ പടിയായി. ഒന്നരമാസത്തെ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ജില്ലയിലുട നീളം മിക്ക സ്ഥലങ്ങളിലും പ്രചാരണ സാമഗ്രികള്‍ നിറഞ്ഞിരുന്നു. പോസ്റ്ററുകളില്‍ പലതും കനത്ത ചൂടും ഏറ്റു നിറം മങ്ങി തുടങ്ങിയിട്ടുണ്ട്. അതിനാല്‍ മാലിന്യമാകാതെ ഇവ ഉടന്‍ മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തൃശ്ശൂരില്‍ ലോക്‌സഭാ മണ്ഡലം എന്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍കുമാറിന്റെ പ്രചാരണ സാമഗ്രികള്‍ രണ്ടു ദിവസത്തിനകം നീക്കം ചെയ്യണമെന്ന് എല്‍ഡിഎഫ് മണ്ഡലം കേന്ദ്രം തിരഞ്ഞെടുപ്പ് കമ്മറ്റി പ്രവര്‍ത്തകരോട് നിര്‍ദ്ദേശിച്ചു മാതൃക കാട്ടിയിരുന്നു.
വോട്ടെടുപ്പ് കഴിഞ്ഞ് പിറ്റേന്ന് ഏപ്രില്‍ 27നാണ് ഈ നിര്‍ദ്ദേശം നല്‍കിയത്. സാമഗ്രികള്‍ അലക്ഷ്യമായി വലിച്ചെറിയാതെ സുരക്ഷമായ സ്ഥാനത്തേക്ക് മാറ്റണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതോടൊപ്പം ഈ മാസം പത്തിന് മുന്‍പായി പ്രചരണ സാമഗ്രികള്‍ നീക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും ജില്ലാ കമ്മിറ്റികളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
എന്നാല്‍ മറ്റു രാഷ്ട്രീയ കക്ഷികള്‍ ആരും തിരിഞ്ഞു നോക്കുന്ന മട്ടില്ല. തെരഞ്ഞെടുപ്പില്‍ ബോര്‍ഡുകള്‍ ഉയര്‍ത്താനുള്ള ആവേശം എന്ത്‌കൊണ്ട് അത് അഴിച്ചുവെക്കാന്‍ കാണിക്കുന്നില്ല എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്