ചർമ്മ സംരക്ഷണം വളരെ പ്രധാനപ്പെട്ട ഒന്നാണ്. മുഖത്തെ കരുവാളിപ്പും കറുപ്പും അകറ്റുന്നതിനായി കെമിക്കലുകൾ അടങ്ങിയ ക്രീമുകൾ ഉപയോഗിക്കുന്നവരാണ് നമ്മളിൽ അധികം പേരും. ഇനി ചില പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് തന്നെ മുഖം സുന്ദരമാക്കാം.
എന്തൊക്കെ ചെയ്യാം?
ചർമ്മം സുന്ദരമാക്കാൻ ഏറ്റവും മികച്ചതാണ് ഓട്സും പാലും. ഇത് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുന്നു. ഓട്സ് കൊളാജൻ ഉൽപ്പാദനം വർദ്ധിപ്പിക്കാനും ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും ചർമ്മത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കുന്നു. അതുപോലെ തന്നെ ചർമ്മത്തിലെ അഴുക്ക് നീക്കം ചെയ്യാനും ഓട്സ് സഹായിക്കുന്നുണ്ട്.
മറ്റൊന്ന് പാലാണ്. ആന്റിഓക്സിഡന്റുകൾ പ്രായമാകുന്നതിന്റെയും കോശങ്ങളുടെ നാശത്തിന്റെയും ലക്ഷണങ്ങളെ തടയുകയോ മന്ദഗതിയിലാക്കുകയോ ചെയ്യുന്നു. ഇത് ചർമ്മത്തെ മനോഹരവും തിളക്കവുമുള്ളതാക്കുന്നു. പാലിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ അതിന്റെ സ്വാഭാവിക തിളക്കം വീണ്ടെടുക്കാൻ സഹായിക്കുന്നു, ഇത് ആരോഗ്യകരവും തിളക്കവുമുള്ളതാക്കുന്നു.
രണ്ട് ടീസ്പൂൺ ഓട്സ് പൊടിച്ചതും രണ്ട് ടീസ്പൂൺ പാലും നന്നായി മിക്സ് ചെയ്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക. 15 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
മുഖത്തിന് നല്ല നിറം ലഭിക്കാനും ചർമ്മം നല്ലപോലെ സോഫ്റ്റാക്കി നിലനിർത്താനും മികച്ചതാണ് മുട്ടയുടെ വെള്ള. മുട്ടയുടെ വെള്ള ചർമ്മത്തെ ഇലാസ്തികത വർദ്ധിപ്പിക്കുകയും നേർത്ത വരകളും ചുളിവുകളും തടയുന്നതിന് സഹായിക്കുന്നു. കൂടാതെ, ചർമ്മത്തിലെ സെബത്തിന്റെ അളവ് സന്തുലിതമാക്കുന്നതിനും മുട്ട ഫേസ് പാക്ക് സഹായിക്കുന്നു.
മുട്ട കൊണ്ടുള്ള പാക്ക് മുഖത്ത് പുരട്ടിയാൽ എണ്ണമയമില്ലാത്ത ആരോഗ്യവും തിളക്കവുമുള്ള ചർമ്മം സ്വന്തമാക്കാം. രണ്ട് മുട്ടയുടെ വെള്ളയും കറ്റാർവാഴ ജെല്ലും മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക.
ഒരു സ്പൂൺ അരിപ്പൊടിയും അതിനൊപ്പം അൽപം തിളപ്പിക്കാത്ത പാലും ചേർക്കുക. രണ്ടും തമ്മിൽ നല്ലതുപോലെ യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക. ആവശ്യമെങ്കിൽ തക്കാളി നീരും ചേർത്തിളക്കാം. ശേഷം മുഖത്തും കഴുത്തിലും നന്നായി തേച്ചു പിടിപ്പിക്കുക. പത്തോ പതിനഞ്ചോ മിനിറ്റിനു ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി കളയാം. ഇത് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ചെയ്യാവുന്നതാണ്.
ഒരു സ്പൂൺ അരിപ്പൊടിയും കറ്റാർവാഴ ജെല്ലും (ഒറിജിനൽ കറ്റാർവാഴയാണ് ഉത്തമം) സമം ചേർത്തിളക്കി അതിലേക്ക് അൽപം റോസ് വാട്ടർ കൂടി ചേർത്തുകൊടുക്കുക. പേസ്റ്റ് രൂപത്തിലാക്കിയ ശേഷം ബ്രഷ് ഉപയോഗിച്ച് മുഖത്തും ശരീരഭാഗങ്ങളിലും തേച്ചു പിടിപ്പിക്കാം. ഉണങ്ങിയതിനു ശേഷം അൽപം റോസ് വാട്ടർ കയ്യിലെടുത്ത് മുഖത്ത് പുരട്ടി മസാജ് ചെയ്ത് പിന്നീട് തണുത്ത വെള്ളത്തിലോ ഇളം ചൂടുവെള്ളത്തിലോ കഴുകി കളയാവുന്നതാണ്.
ഒരു സ്പൂൺ അരിപ്പൊടിക്കൊപ്പം അതേ അളവിൽ തൈര് ചേർത്തിളക്കുക. ശേഷം മുഖത്തും കഴുത്തിലും നന്നായി തേച്ചു പിടിപ്പിക്കാം. മൃദുവായി മസാജ് ചെയ്യണം. അരിപ്പൊടിയിൽ തരികൾ ഉള്ളതിനാൽ അത് വളരെ നല്ല സ്ക്രബ് കൂടിയാണ്.
ഒരു സ്പൂൺ അരിമാവിലേക്ക് അൽപം നെല്ലിക്കാപ്പൊടിയും ഒരുസ്പൂൺ തേനും ചേർത്തിളക്കുക. തേനിനു പകരം തക്കാളി നീരോ ഉരളക്കിഴങ്ങിന്റെ നീരോ ചേർത്തു കൊടുക്കാം. പേസ്റ്റ് രൂപത്തിലാക്കിയ ശേഷം മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കാം. മൃദുവായി മസാജ് ചെയ്തതിനു ശേഷം 20 മിനിറ്റോളം വെയിറ്റ് ചെയ്യുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാവുന്നതാണ്.
ഒരു സ്പൂൺ അരിപ്പൊടിക്കൊപ്പം അതേ അളവിൽ ഗോതമ്പ് പൊടിയും ഉഴുന്ന് പൊടിയും ചേർത്തിളക്കുക. അതിലേക്ക് അൽപം തൈരും പാലും ചേർക്കാം. ശേഷം നന്നായി ഇളക്കി പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേച്ചു പിടിപ്പിക്കാം. പതിനഞ്ചോ ഇരുപതോ മിനിറ്റിനു ശേഷം പച്ചവെള്ളത്തിൽ കഴുകിക്കളയാം.
അരിപ്പൊടിയും മുൾട്ടാണി മിട്ടിയും ഓരോ സ്പൂൺ വീതമെടുക്കുക. ഇതിലേക്ക് അൽപം തേനും കഞ്ഞിവെള്ളവും ചേർത്ത് നന്നായി ഇളക്കാം. ശേഷം മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കുക. മൃദുവായി മസാജ് ചെയ്യുകയും വേണം. പതിനഞ്ചു മിനിറ്റിനു ശേഷം കഞ്ഞിവെള്ളത്തിൽ മുഖം കഴുകാം. പിന്നീട് തണുത്ത വെള്ളത്തില് കഴുകി വൃത്തിയാക്കാവുന്നതാണ്