ഗരുഡ പ്രിമിയം ‘ബാര്‍’: വെള്ളമടി, സിഗരറ്റു വലി, മുറുക്കിത്തുപ്പല്‍ എല്ലാം നടക്കും (എക്‌സ്‌ക്ലൂസിവ്)

നവകേരളാ ബസിന്റെ ഓട്ടവും, ഡോര്‍ പൊളിഞ്ഞു പോയതിന്റെ കഥയുമെല്ലാം ചൂടപ്പം പോലെ വിറ്റഴിയുന്ന സമയത്ത്, എന്താണ് ആ ബസിനുള്ളില്‍ നടക്കാന്‍ പോകുന്നതെന്ന് അറിയണ്ടേ. അതാണ് അന്വേഷണം കണ്ടെത്തിയത്. മന്ത്രിസഭ സഞ്ചരിച്ച ബസ് ഇനി മുതല്‍ സഞ്ചരിക്കുന്ന ബാറാകും. കാരണം, ഗരുഡ പ്രിമിയം ബസില്‍ കെ.എസ്.ആര്‍.ടി.സിയുടെ ഒരു ജീവനക്കാരന്‍ മാത്രം മതിയെന്ന നിര്‍ദ്ദേശം വന്നിരിക്കുകയാണ്. അതായത്, ഇനി കണ്ടക്ടറില്ല. ഡ്രൈവര്‍ മാത്രമേ ഉണ്ടാകൂ.

ഇതാണ് മാറ്റം. ഡ്രൈവിംഗ് സീറ്റില്‍ നിന്നും എണീക്കാന്‍ കഴിയാത്ത ഡ്രൈവര്‍ക്ക് പാസഞ്ചര്‍ സൈഡില്‍ എന്തു നടക്കുന്നുവെന്ന് അറിയാന്‍ പോലും കഴിയില്ല. ഈ സാഹചര്യത്തില്‍ ബസിനുള്ളില്‍ നടക്കാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ ഇവയാണ്: മദ്യപാനം, പുകവലി, നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കല്‍ എന്നിവയാണ്. ഈ ബസിന്റെ പുറകിലായി ബാത്ത്‌റൂമുണ്ട്. ഇവിടെ ആവശ്യത്തിന് വെള്ളവും ലഭിക്കും.

കണ്ടക്ടറുടെ നോട്ടക്കുറവും, പുറകു ഭാഗത്തെ ബാത്ത്‌റൂമും മദ്യപാനികള്‍ക്ക് ഏറെ സുഖപ്രദമായിരിക്കും. ദീര്‍ഘദൂര യാത്രകളില്‍ അല്‍പ്പം മദ്യം കഴിക്കുന്നതില്‍ തെറ്റില്ലെന്നു ചിന്തിക്കുന്ന മനുഷ്യരും ബസില്‍ കയറുന്നുണ്ട്. ചെറുതായി മദ്യപിച്ച് ബസില്‍ കയറുന്നവരെ കണ്ടിട്ടുമുണ്ട്. ഇത്തരക്കാര്‍ക്ക് ബസിലെ ബാത്ത്‌റൂം വലിയ ആശ്വാസമാണ്. ബസ് എവിടെയെങ്കിലും നിര്‍ത്തിയാല്‍ പുറത്തിറങ്ങി വെള്ളം വാങ്ങേണ്ട ആവശ്യമില്ല. ബസില്‍ തന്നെ മിക്‌സിംഗിനുള്ള വെള്ളം കിട്ടും.

ടച്ചിംഗ്‌സും കൂടെ കൊണ്ടു വന്നാല്‍ സഞ്ചരിക്കുന്ന ബാറായി മാറും ഗരുഡ പ്രിമിയം ബസ്. ഡ്രൈവര്‍ക്ക് ഇതൊന്നും ശ്രദ്ധിക്കാനോ നിയന്ത്രിക്കാന കഴിയില്ലെന്നുറപ്പാണ്. യാത്രക്കാരുടെ കണ്‍ട്രോളിലേക്ക് ബസ് പോയാല്‍, സ്ത്രീ യാത്രക്കാര്‍ക്ക് കൂടുതല്‍ പ്രശ്‌നമുണ്ടാകും. പിന്നെ, കേരളത്തില്‍ നിന്നും ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് ഒരു ചീത്തപ്പേരുണ്ട്. അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ താവളമെന്നാണാ പേര്.

സ്വകാര്യ ബസുകളില്‍ ബംഗളൂരുവില്‍ പഠിക്കുന്ന മലയാളി പിള്ളേരാണ് ഈ പേര് വാങ്ങിക്കൊടുത്തത്. രാത്രി യാത്രയും, പിന്നെ, ബെര്‍ത്ത് സംവിധാനങ്ങളും, ദൂരവും, മറ്റുള്ളവര്‍ ശല്യപ്പെടുത്തില്ല എന്നതുമാണ് ഇത്തരം കാമകേളികള്‍ക്ക് ബസ് തിരഞ്ഞെടുക്കുന്നത്. ഈ വണ്ടികളില്‍ കണ്ടക്ടര്‍ ഡ്രൈവറുടെ അടുത്തുള്ള സീറ്റിലാണ് ഇരിക്കുന്നതെങ്കിലും ഇടയ്‌ക്കൊക്കെ പാസഞ്ചര്‍ സൈഡില്‍ ലൈറ്റിട്ട് പരിശോധന നടത്തും. ഇത്, ബസിനുള്ളില്‍ മദ്യപാനം നടത്തുന്നവര്‍ക്ക് വലിയ അടിയാണ്.

പക്ഷെ, നവകേരളാ ബാര്‍ ബസില്‍ കണ്ടക്ടര്‍ വേണ്ടെന്ന് തീരുമാനിച്ചതില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ജീവനക്കാര്‍ ഇതിനെതിരേ മാനേജ്‌മെന്റിന് ക്ത് നല്‍കിയിരിക്കുകയാണ്. ചുരം കയറി, വലിയ വളവുകളും, തിരിവുകളും താണ്ടി ഓടുന്ന ബസില്‍ കണ്ടക്ടര്‍ അനിവാര്യമാണ്. സൈഡ് പറഞ്ഞു കൊടുക്കാനും, പുറകില്‍ വാഹനങ്ങള്‍ വരുന്നുണ്ടോ എന്നു മുന്നറിയിപ്പു നല്‍കാനും, യാത്രക്കാര്‍ കയറുന്നതും ഇറങ്ങുന്നതും പരിശോധിക്കാനും, ബസിനുള്ളില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോ എന്നു നോക്കാനുമൊക്കെ കണ്ടക്ടര്‍ ആവശ്യമാണ്.

ഇതിനെല്ലാമുപരി ഡ്രൈവറെ ഉറക്കാതെ ഇരുത്താന്‍ കണ്ടക്ടര്‍ക്ക് സാധിക്കും. ഒരു വാഹനത്തിലെ എല്ലാ ജീവനും കൈയ്യില്‍പ്പിടിച്ച് ഓടുന്ന ഡ്രൈവറെ ഉറങ്ങാതെ നോക്കേണ്ട ചുമതല കണ്ടക്ടര്‍ക്കാണ്. അങ്ങനെയൊരു ജീവനക്കാരന്‍ ഇല്ലാത്ത ദീര്‍ഘദൂര യാത്രകള്‍ വളരെ കഷ്ടം പിടിച്ചതാണ്. വിശ്രമമില്ലാതെ ഓടുന്ന വാഹനത്തില്‍ കണ്ണടയാതെ ഇരിക്കുന്ന ഡ്രൈവര്‍ മറ്റുള്ളവരുടെ ജീവന്റെ കാവല്‍ക്കാരന്‍ കൂടിയാണ്.

അദ്ദേഹത്തിന് എപ്പോഴും സംസാരിച്ചിരിക്കാന്‍ ഒരാള്‍ വേണമെന്നതും ഗൗരവമുള്ള വിഷയമാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരുടെ സംഘടനകള്‍ മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരേ കത്തു നല്‍കിയിരിക്കുന്നത്.

Latest News