റിയാദ്: ഈ വർഷത്തെ മെഡിക്കൽ ആയുഷ് പ്രവേശന പരീക്ഷയായ നീറ്റ് തിങ്കളാഴ്ച സൗദിയിൽ സുഗമമായി പൂർത്തിയാക്കി. റിയാദിലെ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ബോയ്സിൽ വെച്ച് നടന്ന പരീക്ഷയിൽ 553 പേരാണ് പരീക്ഷ എഴുതിയത്. രജിസ്റ്റർ ചെയ്ത 566 പേരിൽ 13 പേർ പരീക്ഷക്ക് ഹാജരായില്ല. യാതൊരു പ്രയാസവുമില്ലാതെ സമയബന്ധിതമായും സുതാര്യമായും പരീക്ഷ നടപടികൾ പൂർത്തിയാക്കിയതിൽ പരീക്ഷ സൂപ്രണ്ട് കൂടിയായ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മീര റഹ്മാൻ സന്തുഷ്ടി രേഖപ്പെടുത്തുകയും മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയും ചെയ്തു. രക്ഷിതാക്കളും വിദ്യാർഥികളും മികച്ച സംഘാടനത്തിൽ സംതൃപ്തരും സന്തോഷവാന്മാരുമാണ്.
ദീർഘനേരം പരീക്ഷക്കായി ചിലവഴിച്ച വിദ്യാർത്ഥികൾക്ക് ജ്യൂസും കേക്കും ലഭ്യമാക്കി. കേന്ദ്ര നിരീക്ഷകനായ മുഹമ്മദ് ഷബീർ (ഇന്ത്യൻ എബസി) മറ്റൊരു നിരീക്ഷകയായ പ്രൊഫ. ഗോകുൽ കുമാരി (ഇ. കോമേഴ്സ്) എന്നിവരുടെ സാന്നിധ്യത്തിലാണ് പരീക്ഷ നടന്നത്. പരീക്ഷയുടെ മൂല്യനിർണയം ഇന്ത്യയിൽ വെച്ചാണ് നടക്കുക.