ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിൽ 60.19% പോളിംഗ് രേഖപ്പെടുത്തി. വൈകുന്നേരം അഞ്ചുവരെയുള്ള കണക്കാണിതെന്നും അന്തിമ വോട്ടിംഗ് ശതമാനത്തിൽ മാറ്റം വരുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
അസം, ബിഹാർ, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഢ്, ഗോവ, ഗുജറാത്ത്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, യു.പി സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ ദാദ്ര ആൻഡ് നാഗർഹവേലിയിലുമായി 93 സീറ്റിലാണ് മൂന്നാംഘട്ട തെരഞ്ഞെടുപ്പ്. ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് അസമിലും കുറവ് മഹാരാഷ്ട്രയിലുമാണ്. അസമിൽ 74.86 % പോളിഗ് രേഖപ്പെടുത്തിയപ്പോൾ മഹാരാഷ്ട്രയിൽ 53.40% മാത്രമാണ് രേഖപ്പെടുത്തിയത്.
പോളിംഗ് ശതമാനം: അസം (74.86%) ബിഹാര്‍ (56.01% ) ഛത്തീസ്ഗഡ് (66.87%) ദാദര്‍ ഹവേലി&ദാമന്‍ ദിയു (65.23%) ഗോവ (72.52% ) ഗുജറാത്ത് (55.22%) കര്‍ണാടക (66.05% ) മധ്യപ്രദേശ് (62.28% ), മഹാരാഷ്ട്ര (53.40% ) ഉത്തര്‍പ്രദേശ് (55.13% ) പശ്ചിമ ബംഗാള്‍ (73.93%).
വോട്ടെടുപ്പിനിടെ പശ്ചിമബംഗാളിൽ ചെറിയ സംഘർഷമുണ്ടായി. മുർഷിദാബാദിലെ ബൂത്തിൽ ബി.ജെ.പിയും തൃണമൂൽ കോൺഗ്രസും തമ്മിലാണ് സംഘർഷമുണ്ടായത്. പോളിങ് ബൂത്തിലുണ്ടായിരുന്ന പൊലീസ് ഇടപ്പെട്ട് സ്ഥിതി ശാന്തമാക്കി. അഹമ്മദാബാദിലെ നിഷാൻ ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തി. രാവിലെഏഴരയോടെ യാണ് മോദി പോളിങ് സ്റ്റേഷനിലേക്ക് എത്തിയത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മോദിയെ സ്വീകരിച്ചു. രാജ്യത്തെ കഴിയാവുന്നത്ര ആളുകൾ വോട്ട് ചെയ്യണമെന്നും ഇനിയും നാല് ഘട്ട വോട്ടെടുപ്പ് നമ്മുക്ക് മുന്നിലുണ്ടെന്നും വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മോദി പ്രതികരിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, എൻ.സി.പി നേതാക്കളായ ശരത് പവാർ, അജിത് പവാർ, സ്ഥാനാർഥികളായ പ്രഹ്ലാദ് ജോഷി, സുപ്രിയ സുലെ തുടങ്ങിയ പ്രമുഖർ രാവിലെ തന്നെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.
അമിത് ഷാ, ശിവരാജ് സിംഗ് ചൗഹാന്, ജ്യോതിരാദിത്യ സിന്ധ്യ, പ്രഹ്ളാദ് ജോഷി, ദിഗ്വിജയ് സിംഗ്, ഡിംപിള്‍ യാദവ്, സുപ്രിയാ സുലെ തുടങ്ങിയ പ്രമുഖര്‍ ഇന്ന് ജനവിധി തേടി. 261 സീറ്റുകളിലെ വോട്ടെടുപ്പാണ് ഇനി നാലു ഘട്ടങ്ങളിൽ ബാക്കിയുള്ളത്. മൂന്നാംഘട്ടം ബി.ജെ.പിക്ക് നിർണായകമാണെന്നാണ് വിലയിരുത്തൽ. 2019ൽ ബി.ജെ.പി 72 സീറ്റുകൾ നേടിയ മണ്ഡലങ്ങളാണ് ഇന്ന് വോട്ട് രേഖപ്പെടുത്തിയത്.