തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അടുത്ത അഞ്ചുദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, പത്തനംതിട്ട ജില്ലകളില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മേയ് എട്ടാംതീയ്യതി ഇടുക്കി, മലപ്പുറം ജില്ലകളിലും മേയ് 11-ാം തീയ്യതി പത്തനംതിട്ടയിലുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചത്.
അതേസമയം, ചൊവ്വാഴ്ച വൈകുന്നേരം വിവിധ ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്.
കൂടാതെ അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
15ന് ശേഷം അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യത കൂടുതലാണെന്നു കാലാവസ്ഥ വിദഗ്ധർ പറയുന്നു. നിലവിലെ സാഹചര്യത്തിൽ മൺസൂൺ കൃത്യ സമയത്തു തന്നെ ലഭിക്കുമെന്നും സാധാരണയിൽ കൂടുതൽ മഴ ലഭിച്ചേക്കുമെന്നും വിദഗ്ധർ പറയുന്നു.
മെയ് അവസാനം വരെ ചൂടിനു ശമനമുണ്ടാകില്ല. ഇന്നലെ പകൽ പാലക്കാട് രേഖപ്പെടുത്തിയ 39.4 ഡിഗ്രി സെൽഷ്യസാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ചൂട്. കനത്ത ചൂട് മൂന്ന് ദിവസവും തുടരും. ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പുണ്ട്. ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ രാത്രികാല താപനില മുന്നറിയിപ്പുണ്ട്. രാത്രിയിലും പുലർച്ചെയും 30 ഡിഗ്രി സെൽഷ്യസിനു മുകളിൽ താപനില കൂടുതൽ ഇടങ്ങളിൽ രേഖപ്പെടുത്തുന്നതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.