കോഴിക്കോട്: വയറ്റിൽ കത്രിക കുടങ്ങിയ കോഴിക്കോട് സ്വദേശി ഹർഷീനയുടെ ആരോഗ്യാവസ്ഥ മോശമെന്ന് ഭർത്താവ് അഷ്റഫ്. കത്രിക കുടുങ്ങിയ സ്ഥലത്ത് പഴുപ്പ് ഉണ്ടായതിനാൽ വീണ്ടും ശസ്ത്രക്രീയക്ക് വിധേയയാകണം. സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാൽ ക്രൗഡ് ഫണ്ടിംഗിലൂടെ പണം കണ്ടെത്താൻ ഹർഷീന സമര സമിതി തീരുമാനിച്ചു.
കത്രിക നീക്കം ചെയ്ത ഹർഷിനയുടെ വയറ്റിൽ വീണ്ടും കൊഴുപ്പ് അടിഞ്ഞ് കൂടുകയും ഇത് പഴുക്കുകയും ചെയ്തു. വീണ്ടും ശസ്ത്രക്രീയ നടത്തി ഇവ നീക്കം ചെയ്യണം. സാമ്പത്തിക പ്രതിസന്ധിലായ കുടുംബം ക്രൗഡ് ഫണ്ടിംഗിലൂടെ സുമനസുകളുടെ സഹായം തേടുകയാണ്. പണം സ്വരൂപിക്കാൻ ഈ മാസം 15 മുതൽ സമര സമിതി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങും. സർക്കാർ വാഗ്ദാനം ചെയ്ത ഒരു സഹായവും പിന്തുണയും ഇതുവരെ കിട്ടിയിട്ടില്ലെന്ന് ഹർഷിന പറഞ്ഞു.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത്. 2017ലാണ് സംഭവം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു ശസ്ത്രക്രിയ.
ഇതിന് ശേഷം പലപ്പോഴായി ഇവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. അഞ്ച് വര്‍ഷത്തോളം പ്രയാസങ്ങളുമായി തുടര്‍ന്നതിന് ശേഷം നടത്തിയ സ്കാനിംഗിലൂടെയാണ് വയറ്റിനുള്ളില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയതാണ് പ്രശ്നമായതെന്ന് കണ്ടെത്തിയത്. ഇതോടെയാണ് മെഡിക്കല്‍ കോളേജിനെതിരെ ഇവര്‍ രംഗത്ത് വന്നത്. ശസ്ത്രക്രിയയിലൂടെ സര്‍ജിക്കല്‍ ഉപകരണം എടുത്തുകളഞ്ഞെങ്കിലും അതിന് ശേഷം ആരോഗ്യപ്രശ്നങ്ങളും അനുബന്ധ പ്രയാസങ്ങളും പതിവാണെന്നാണ് ഇവര്‍ പറയുന്നത്.