ദോഹ: 2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് അംഗീകാരം. ഖത്തർ എയർവേയ്‌സ് മൂന്ന് അവാർഡുകൾ സ്വാന്തമാക്കി. ഖത്തർ ദുബായിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിലെ (എടിഎം) അവാർഡ് ദാന ചടങ്ങിലാണ് പ്രഖ്യാപനമുണ്ടായത്. 2024-ലെ ‘മിഡിൽ ഈസ്റ്റിൽ സേവനം നൽകുന്ന മികച്ച പ്രാദേശിക എയർലൈൻ’, ‘മികച്ച ബിസിനസ് ക്ലാസുള്ള എയർലൈൻ’, ‘മികച്ച യാത്രാ ആപ്പ്’ എന്നീ അവാർഡുകളാണ് ഖത്തർ എയർവേയ്‌സ് നേടിയത്. ഖത്തർ എയർവേയ്‌സ് സീനിയർ വൈസ് പ്രസിഡൻ്റ് മർവാൻ കോലേലത്ത് അവാർഡുകൾ ഏറ്റുവാങ്ങി.
എയർലൈനിൻ്റെ അസാധാരണമായ സേവനത്തിനും, സമാനതകളില്ലാത്ത യാത്രാനുഭവങ്ങൾ പ്രദാനം ചെയ്യുന്നതിനും ആഗോള, പ്രാദേശിക കണക്റ്റിവിറ്റി ഉയർത്തുന്നതിനുമുള്ള പ്രതിബദ്ധതയ്ക്കുമാണ് അവാർഡുകൾ നേടിയത്. ഉപയോക്താവിൻ്റെ മുൻഗണനയ്ക്കും സൗകര്യത്തിനും അനുസൃതമായ ഫീച്ചറുകൾ ഉപയോഗിച്ച്, തത്സമയ ഫ്ലൈറ്റ് അറിയിപ്പുകൾ മുതൽ പ്രിവിലേജ് ക്ലബ് അംഗങ്ങൾക്കുള്ള പ്രത്യേക ആനുകൂല്യങ്ങൾ, വ്യക്തിഗതമാക്കിയ ഓഫറുകൾ എന്നിവയും, യാത്രക്കാർക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും ഖത്തർ എയർവേസിന്റെ ആപ്പിലുണ്ട്. ഉപയോക്താക്കൾക്ക് എവിടെയായിരുന്നാലും അവരുടെ ബുക്കിംഗ് എളുപ്പത്തിൽ പരിശോധിക്കാനും നിയന്ത്രിക്കാനും കഴിയും. കൂടാതെ അവരുടെ ബോർഡിംഗ് പാസും എളുപ്പത്തിൽ ആക്സസ് ചെയ്യാനും കഴിയും.
നൂതനമായ യാത്രാ സാങ്കേതികവിദ്യകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെയും, മിഡിൽ ഈസ്റ്റിലും ലോകമെമ്പാടുമുള്ള യാത്രക്കാർക്ക് സേവനങ്ങളും ഉയർന്ന യാത്രാ അനുഭവങ്ങളും നൽകുന്നതിന്റെയും, മുഴുവൻ ഖത്തർ എയർവേയ്‌സ് ടീമിൻ്റെ അർപ്പണബോധത്തിൻ്റെയും കഠിനാധ്വാനത്തിൻ്റെയും തെളിവാണ് ഈ അവാർഡുകളെന്ന് ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എഞ്ചിനീയർ ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു.