ബംഗ്ളൂരു: സംവരണവുമായി ബന്ധപ്പെട്ട് കർണാടക ബിജെപിയുടെ എക്സ് ഹാൻഡിലിൽ പ്രസിദ്ധീകരിച്ച വിദ്വേഷ വീഡിയോ ഉടനടി നീക്കം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ എക്സിന് നിർദേശം നൽകി. കോൺഗ്രസ് പരാതി നൽകി മൂന്നാം ദിവസമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി.
മെയ് 4 ന് വൈകിട്ട് ആണ് ബിജെപിയുടെ എക്സ് ഹാൻഡിലിൽ വിദ്വേഷ വീഡിയോ പങ്കുവെച്ചത്. നേരത്തെ മതസ്പർദ്ധ വളർത്തുന്നതെന്ന് ചൂണ്ടിക്കാട്ടി വീഡിയോക്കെതിരെ കർണാടക കോൺഗ്രസ് പരാതി നൽകിയിരുന്നു.
ശനിയാഴ്ചയാണ് ബിജെപിയുടെ കര്‍ണാടക ഘടകത്തിന്റെ സോഷ്യല്‍ മീഡിയ പേജില്‍ പതിനേഴ് സെക്കന്റ് ദൈര്‍ഘ്യമുള്ള അനിമേറ്റഡ് വീഡിയോ പോസ്റ്റ് ചെയ്തത്. SC/ST/OBC വിഭാഗക്കാർക്ക് മാത്രം അർഹതപ്പെട്ട ഫണ്ടുകൾ രാഹുൽഗാന്ധിയും, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും മുസ്ലീങ്ങൾക്ക് നൽകുന്നുവെന്ന് ദൃശ്യവത്ക്കരിക്കുന്നതാണ് ബിജെപിയുടെ ആനിമേഷൻ വീഡിയോ. രാഹുല്‍ ഗാന്ധിയും സിദ്ധാരാമയ്യയും മുസ്ലിം എന്ന് എഴുതിയ മുട്ട പക്ഷിക്കൂടില്‍ ഇടുന്നു. ഈ മുട്ടകള്‍ വിരിയുമ്പോള്‍, മുസ്ലിം എന്നെഴുതിയ മുട്ട വിരിഞ്ഞുണ്ടായ തൊപ്പി ധരിച്ച വലിയ പക്ഷിക്കുഞ്ഞിന് മാത്രം രാഹുല്‍ ഗാന്ധി ‘ഫണ്ട്സ്’ എന്നെഴുതിയ ഭക്ഷണം നല്കുന്നു. ഇത് സിദ്ധരാമയ്യ നോക്കി നില്ക്കുന്നു. ഭക്ഷണം ലഭിച്ച് വലുതായ പക്ഷി, ഭക്ഷണം ലഭിക്കാത്ത മറ്റ് മൂന്ന് പക്ഷിക്കുഞ്ഞുങ്ങളേയും കൂട്ടില്‍ നിന്ന് പുറത്താക്കുന്നു. ഇത് കണ്ട് സിദ്ധരാമയ്യ ചിരിക്കുന്നു. ഇതായിരുന്നു വീഡിയോയുടെ ഉള്ളടക്കം.
വിദ്വേഷ വീഡിയോയില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ, ബിജെപി കര്‍ണാടക പ്രസിഡന്റ് ബി വൈ വിജയേന്ദ്ര, ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാളവ്യ എന്നിവര്‍ക്കെതിരെ കേസ് എടുത്തത്.