ദോഹ: എസ് എം എ ടൈപ്പ് വൺ രോഗബാധിതയായ നാല് മാസം പ്രായമായ പിഞ്ചുബാലിക മല്ക്കാ റൂഹിയുടെ ചികിത്സ സഹായത്തിനായി ഖത്തർ ചാരിറ്റി ആരംഭിച്ച ധനസമാഹാരത്തിലേക്ക് ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ (QIPA) 107001 ഖത്തറി റിയാൽ (ഒരു ലക്ഷത്തി ഏഴായിരത്തി ഒന്ന് ഖത്തറി റിയാൽ) സംഭാവന ചെയ്തു. ഖത്തർ ചാരിറ്റി ഹെഡ് ക്വാർട്ടേസിലെത്തി ഭാരവാഹികൾ ഇന്ന് (ചൊവ്വ) തുക കൈമാറി. ഒരു കൂട്ടം നല്ല മനസുകളുടെ കൂട്ടായ പ്രവർത്തനമാണ് ഇതിന് വഴിതെളിച്ചതെന്ന് ക്യു.ഐ.പി.എ ജനറൽ സെക്രട്ടറി നിഷാദ് ഹസ്സൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. പ്രസിഡന്റ് സന്തോഷ് കണ്ണംപറമ്പിലിന്റെ അസാന്നിധ്യത്തിൽ, ക്യു.ഐ.പി.എക്ക് വേണ്ടി മുഖ്യ രക്ഷധികാരി ജോപ്പച്ചൻ തെക്കേകുട്ട്, ട്രഷറർ സൈമൺ വർഗീസ്, ജോയിൻ ട്രഷറർ ലജീഷ് ഷണ്മുഖം, മീഡിയ കോർഡിനേറ്റർ ഷബീർ പുത്തൻപുരക്കൽ തുടങ്ങിയവരും പങ്കെടുത്തു.