തിരുവനന്തപുരം: കേരളത്തിൽ രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാവും ഉണ്ടാവുകയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൽ ആദ്യമായി പ്രധാനമന്ത്രി മോദിയുടെ വികസന രാഷ്ട്രീയത്തിന് ജനങ്ങൾ വോട്ട് ചെയ്തുവെന്നും സംസ്ഥാന നേതൃയോഗം വിലയിരുത്തി.
കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ മത്സരിച്ച തിരുവനന്തപുരത്തും സുരേഷ് ഗോപി മത്സരിച്ച തൃശ്ശൂരിലും വിജയിക്കുമെന്നാണ് ബിജെപി നേതൃയോഗത്തില്‍ വിലയിരുത്തല്‍. രണ്ടിടത്തും നാല് ലക്ഷത്തിന് മുകളില്‍ വോട്ടുകള്‍ ലഭിക്കുമെന്നും പാര്‍ട്ടി കണക്ക് കൂട്ടുന്നു.
സി.പി.എം സർക്കാരിനെതിരായ ജനവികാരം സംസ്ഥാനത്ത് ശക്തമായിരുന്നുവെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ എങ്ങോട്ടാണ് പോയതെന്ന് സീതാറാം യെച്ചൂരിക്കോ എം.വി ഗോവിന്ദനോ അറിയുമോയെന്നും അദ്ദേഹം ചോദിച്ചു. ആരാണ് മുഖ്യമന്ത്രിയെ സ്പോൺസർ ചെയ്യുന്നതെന്ന് ജനങ്ങൾക്ക് അറിയണം. വടകര ഉൾപ്പെടെയുള്ള പല മണ്ഡലങ്ങളിലും കോൺഗ്രസും സി.പി.എമ്മും വലിയ വർഗീയ പ്രചരണമാണ് നടത്തിയത്. എല്ലാ പരിധികളും ലംഘിക്കുന്ന തരത്തിലുള്ള പ്രചരമാണ് നടന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
ദക്ഷിണേന്ത്യയിൽ ബി.ജെ.പി ഏറ്റവും വലുതും എല്ലാ സ്ഥലത്തും പ്രാതിനിധ്യവുമുള്ള രാഷ്ട്രീയ പാർട്ടിയാകുമെന്ന് സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ പറഞ്ഞു. 400 സീറ്റ് നേടി മൂന്നാം തവണയും മോദി രാജ്യം ഭരിക്കും. കേരളത്തിൽ എല്ലാ മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. മൂന്നാമത്തെ ശക്തിയായി എൻ.ഡി.എ കേരളത്തിൽ മാറിയെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ എ.പി അബ്ദുള്ളക്കുട്ടി, കുമ്മനം രാജശേഖരൻ എന്നിവരും സംബന്ധിച്ചു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ രണ്ട് നഗരസഭകളിലാണ് ബിജെപി അധികാരത്തിലെത്തിയത്. പാലക്കാട്, പന്തളം നഗരസഭകളിലായിരുന്നു അത്. 22 പഞ്ചായത്തുകളിലും അധികാരം ലഭിച്ചിരുന്നു. പിന്നീടത് 13 പഞ്ചായത്തുകളിലേക്ക് ചുരുങ്ങുന്ന അവസ്ഥയുണ്ടായിരുന്നു.