പോളിംഗ് ബൂത്തുകള്‍ ബിജെപി പിടിച്ചെടുത്തു; ആരോപണങ്ങളുമായി സമാജ്‍വാദി പാര്‍ട്ടി

ലക്നൗ: മൂന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവേ ഉത്തര്‍പ്രദേശില്‍ ബിജെപിക്കെതിരെ ആരോപണങ്ങളുമായി സമാജ്‍വാദി പാര്‍ട്ടി. പോളിംഗ് ബൂത്തുകള്‍ ബിജെപി പിടിച്ചെടുത്തതായി സമാജ്‍വാദി പാര്‍ട്ടി ആരോപിച്ചു.

മെയിൻപുരിയില്‍ ബിജെപി ബൂത്ത് പിടിച്ചെടുത്തു, തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതില്‍ ഇടപെടണം എന്നാവശ്യപ്പെട്ടെങ്കിലും വിവരം തെറ്റാണ്, ഇവിടെ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുവെന്നും പൊലീസ് അറിയിക്കുകയായിരുന്നു. ഇതിന് ശേഷം സംഭല്‍,ബദായു, ആഗ്ര അടക്കമുള്ള സ്ഥലങ്ങളില്‍ പ്രശ്നമുണ്ടെന്നും ചിലയിടങ്ങളില്‍ എസ്പി ബൂത്ത് ഏജന്‍റുമാരെ പോളിംഗ് ബൂത്തില്‍ നില്‍ക്കാൻ അനുവദിക്കുന്നില്ലെന്നും പരാതി ഉന്നയിച്ചു.

ബിജെപി ബൂത്ത് പിടുത്തവും കയ്യേറ്റവും വോട്ടര്‍മാരെ തടയലും നടത്തുന്നതായും ഇവര്‍ ആരോപിച്ചു. ഇതിനിടെ മെയിൻപുരിയില്‍ തന്നെ തിരിച്ചറിയല്‍ കാര്‍ഡില്ലാതെ ബിജെപി പ്രവര്‍ത്തകര്‍ വോട്ട് ചെയ്യാനെത്തിയെന്നും എസ്‍പി ആരോപിച്ചു.

അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിലെ മൂന്നാംഘട്ട വോട്ടെടുപ്പ് പൂർത്തിയായി. 11 സംസ്ഥാനങ്ങളിലെ 93 സീറ്റുകളിലേക്കാണ് മൂന്നാംഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. ഏകദേശം 60.76 ശതമാനം പോളിങ് ആണ് ഇന്ന് രേഖപ്പെടുത്തിയത്. ആദ്യ രണ്ട് ഘട്ട വോട്ടെടുപ്പിൽ ഒന്നാം ഘട്ടത്തിൽ (ഏപ്രിൽ 19) 66.14 ശതമാനവും രണ്ടാം ഘട്ടത്തിൽ (ഏപ്രിൽ 26) 66.71 ശതമാനവും പോളിങ് ആണ് രേഖപ്പെടുത്തി.

ബംഗാളിൽ 73 ശതമാനവും അസമിൽ 60 ശതമാനവും മഹാരാഷ്ട്രയിൽ 54 % പോളിങ്ങുമാണ് രേഖപ്പെടുത്തിയത്. അസം 75.01%, ബീഹാർ 56.50%, ഛത്തീസ്ഗഡ് 66.94%, ഗോവ 74%, ഗുജറാത്ത് 56.19%, കർണാടക 66.75%, മധ്യപ്രദേശ് 62.75%, മഹാരാഷ്ട്ര 53.95%. ഉത്തർപ്രദേശ് 57.03%. പശ്ചിമ ബംഗാൾ 73.93%, ദാദ്ര & നഗർ ഹവേലി, ദാദ്ര & നഗർ ഹവേലി, ദാമൻ & ദിയു 65.23% എന്നിങ്ങനെയാണ് പോളിങ് ശതമാനം.