ന്യൂഡൽഹി: എഐസിസി മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തി പാർട്ടി അംഗത്വം സ്വീകരിച്ചു. അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ പേരിൽ പാർട്ടിയിൽ നിന്ന് പ്രതികാര നടപടി ഉണ്ടായി എന്നും തൻ്റെ പരാതിയിൽ നടപടി സ്വീകരിച്ചില്ലെന്നും ആരോപിച്ചാണ് രാധിക ഖേര കോൺഗ്രസ് വിട്ടത്.
അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ചതിനു പിന്നാലെ വലിയ തോതിലുള്ള ആക്ഷേപങ്ങളും ആരോപണങ്ങളും പാർട്ടിയിൽനിന്നു നേരിട്ടതായി അവർ പറഞ്ഞിരുന്നു. ഛത്തീസ്ഗഢിലെ നേതാക്കളുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് രാജി. കുറച്ചു നാളുകളായി അവർ ഛത്തീസ്ഗഢിലെ നേതാക്കളുമായി തർക്കത്തിലായിരുന്നു. കോൺഗ്രസ് ഹിന്ദുവിരുദ്ധമാണെന്ന് ആരോപിച്ച അവർ, പിന്തുണക്ക് ബി.ജെ.പി നേതൃത്വത്തോട് നന്ദി പറഞ്ഞു.
ഡൽഹി പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ നടനും ടി.വി അവതാരകനുമായ ശേഖർ സുമനും ബി.ജെ.പി അംഗത്വം എടുത്തു.