കൊൽക്കത്ത: പശ്ചിമ ബംഗാൾ അധ്യാപക നിയമന അഴിമതി കേസിൽ ഹൈക്കോടതി വിധി സുപ്രിംകോടതി സ്റ്റേ ചെയ്തു. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ 24,000 അധ്യാപകരുടെയും അനധ്യാപക ജീവനക്കാരുടെയും നിയമനം നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്നാണ് സർക്കാർ സുപ്രിംകോടതിയെ സമീപിച്ചത്.
പശ്ചിമ ബംഗാളിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലേക്ക് 2016ൽ നടന്ന സംസ്ഥാന തല സെലക്ഷൻ റിക്രൂട്ട്മെന്റിലൂടെ നടത്തിയ എല്ലാ നിയമനങ്ങളും റദ്ദാക്കാനാണ് കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടിത്. അധ്യാപകർ ശമ്പളം തിരികെ നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
2016ല്‍ ആരംഭിച്ച അധ്യാപന നിയമന നടപടികളില്‍ വ്യാപകമായ കൃത്രിമത്വം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിശദ പരിശോധന നടന്നത്. അധ്യാപകരുടെ ഒഎംആര്‍ ഷീറ്റിലടക്കം വലിയ തിരിമറി കണ്ടെത്തുകയായിരുന്നു. 23 ലക്ഷം പേര് അപേക്ഷിച്ച പോസ്റ്റില്‍ വന്‍ തുക വാങ്ങി ടിഎംസി നേതാക്കള്‍ നിയമനം നടത്തിയെന്നാണ് പരാതി.
ബംഗാളിലെ മമതാ സര്‍ക്കാരിന്റെ അഴിമതി വ്യക്തമാക്കിയ കേസില്‍ വിദ്യാഭ്യാസ മന്ത്രി പാര്‍ഥ ചാറ്റര്‍ജി അടക്കം നിരവധി പേര് അറസ്റ്റിലായിരുന്നു. ടിഎംസി എംഎല്‍എമാരായ മണിക് ഭട്ടാചാര്യയും കൃഷ്ണാ സാഹയും കേസിലെ പ്രതികളാണ്. ടിഎംസി നേതാക്കളായ ശന്തനു കുന്തു, കുന്തല് ഘോഷ് എന്നിവരെ അഴിമതിയുമായി ബന്ധപ്പെട്ട് തൃണമൂലിന് സസ്പെന്‍ഡ് ചെയ്യേണ്ടിയും വന്നു. കേസ് ജൂലൈ 16ന് വിശദമായി പരിഗണിക്കും.