തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എംഎൽഎയും കെഎസ്ആർടിസി ബസ് തടഞ്ഞിട്ട സംഭവവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ മൊഴി ഇന്ന് കന്റോൺമെന്റ് പൊലീസ് വീണ്ടും എടുക്കും. ഇതിനു ശേഷം വീണ്ടും മേയറുടെയും സച്ചിൻദേവ് എംഎൽഎയുടെയും മൊഴിയെടുക്കുമെന്നും പൊലീസ് പറഞ്ഞു.
യദുവിന്റെ പരാതിയിൽ കോടതി നിർദേശ പ്രകാരം മേയർക്കും സച്ചിൻദേവ് എംഎൽഎയ്ക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ വരെ ചുമത്തി കേസെടുത്തതിനാലാണ് വീണ്ടും ഇരുവരുടെയും മൊഴിയെടുക്കേണ്ടി വരുന്നത്. പുതിയ കേസുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ചോദിച്ചറിയാനുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.
അശ്ലീല ആംഗ്യം കാണിച്ചെന്ന മേയറുടെ പരാതിയിൽ പോലീസ് കേസെടുത്തെങ്കിലും യദുവിന്റെ പരാതിയിൽ കേസെടുത്തിരുന്നില്ല. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി, അന്യായമായി തടഞ്ഞുവച്ചു, അസഭ്യം പറഞ്ഞു, തന്നെയും യാത്രക്കാരെയും അധിക്ഷേപിച്ചു തുടങ്ങിയവയായിരുന്നു യദുവിന്റെ പരാതിയിലുണ്ടായിരുന്നത്. കോടതി നിർദ്ദേശപ്രകാരം കന്റോൺമെന്റ് പോലീസ് ആണ് ഇരുവർക്കുമെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത്.
സച്ചിൻ ദേവ് എം.എൽ.എ ബസിൽ അതിക്രമിച്ചു കയറിയെന്നും ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാർഡ് പ്രതികൾ സ്വാധീനം ഉപയോഗിച്ച് നശിപ്പിച്ചെന്നുമാണ് എഫ്ഐആർ. കേസെടുത്തതിന് പിന്നാലെ ഇരുവരുടെയും മൊഴി രേഖപ്പെടുത്തും. ഇതിനായി ഉടൻ നോട്ടീസയക്കും. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാർ,യാത്രക്കാർ, തുടങ്ങിയവരുടെ മൊഴികളും ശേഖരിക്കും.