കൊച്ചി: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തെത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസിലെ പ്രാഥമിക കുറ്റപത്രം സി.ബി.ഐ ഹൈകോടതിയിൽ ഹാജരാക്കി. പ്രതികളുടെ ജാമ്യ ഹരജികളിലാണ് കോടതി നിർദേശ പ്രകാരം കുറ്റപത്രം സമർപ്പിച്ചത്.
കുറ്റപത്രത്തിന്റെ പകർപ്പ് പ്രതികൾക്ക് നൽകാൻ നിർദേശിച്ച ജസ്റ്റിസ് സി. പ്രതീപ് കുമാർ, ഹരജികൾ വീണ്ടും വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. സിദ്ധാർഥ് നേരിട്ടത് ക്രൂരമായ ആക്രമണമാണെന്നും പ്രതികൾക്കെതിരായ ആരോപണങ്ങൾ ഗുരുതരമാണെന്നും കോടതിയെ സി.ബി.ഐ അറിയിച്ചിരുന്നു. റാഗിങ്, ആത്മഹത്യ പ്രേരണ, മർദനം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അന്വേഷണം തുടരുന്ന സാഹചര്യത്തിൽ അനുബന്ധ കുറ്റപത്രമുണ്ടാകുമെന്നും വിശദീകരിച്ചിരുന്നു.
നടപടിക്രമങ്ങൾ പാലിക്കാതെയാണ് കുറ്റപത്രം സമർപ്പിച്ചതെന്നും 60 ദിവസമായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന തങ്ങൾക്ക് ജാമ്യം നൽകണമെന്നുമാവശ്യപ്പെട്ടാണ് പ്രതികളായ അരുൺ കേലോത്ത്, എൻ. ആസിഫ് ഖാൻ, എ. അൽത്താഫ്, റെയ്ഹാൻ ബിനോയ്, എസ്.ഡി. ആകാശ്, എസ്. അഭിഷേക്, ഡോൺസ് ഡായ്, ബിൽഗേറ്റ് ജോഷ്വ തണ്ണിക്കോട്, വി. നഫീസ് തുടങ്ങിയവർ കോടതിയെ സമീപിച്ചത്.