തിരുവല്ല: നിക്ഷേപത്തട്ടിപ്പ് കേസിൽ കേരള കോൺഗ്രസ് (എം) മുൻ സംസ്ഥാന ട്രഷററും നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കറ്റ് (എൻസിഎസ്) ഉടമയുമായ എൻ.എം.രാജുവിനയും കുടുംബത്തെയും അറസ്റ്റ് ചെയ്തു.
152 ശാഖകളുള്ള സ്ഥാപനത്തിലെ നിക്ഷേപകരുടെ 500 കോടി രൂപയോളം തട്ടിയെടുത്തുവെന്നാണ് പ്രാഥമിക നിഗമനം. നിക്ഷേപകരുടെ പരാതിയിലാണു പൊലീസ് നടപടി. ഇന്നലെ രാവിലെ 9 മണിയോടെയാണ് തിരുവല്ലയിലെ വീട്ടിലെത്തി രാജുവിനെയും കമ്പനി ഡയറക്ടർമാരായ ഭാര്യ ഗ്രേസ് രാജുവിനെയും മക്കളായ അലൻ ജോർജിനെയും ആൻസൺ ജോർജിനെയും തിരുവല്ല പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
അറസ്റ്റ് വിവരം അറിഞ്ഞ് നിക്ഷേപകരും ജീവനക്കാരും സ്റ്റേഷനിൽ എത്തിയിരുന്നു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി. കോട്ടയം, എറണാകുളം, പത്തനംതിട്ട, തൃശൂർ, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലായി നൂറു കണക്കിനു നിക്ഷേപകരിൽ നിന്ന് കോടികളാണ് രാജു നിക്ഷേപം സ്വീകരിച്ചിട്ടുള്ളത്.
കേരള കോൺഗ്രസ് (എം) സംസ്ഥാന ട്രഷററായിരുന്ന എൻ.എം.രാജു 8 മാസം മുൻപ് രാജിക്കത്ത് നൽകിയിരുന്നു. എന്നാൽ പകരം ട്രഷററെ ഇതുവരെ നിയമിച്ചിട്ടില്ല. പാർട്ടി പത്തനംതിട്ട ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ പാർട്ടി ഉന്നതാധികാര സമിതി അംഗമാണ്.