വിവാഹാഘോഷങ്ങൾക്ക് പാക്കപ്പ് പറഞ്ഞ് മാളവിക: ഒപ്പം നവനീതിന് ഒരു ചുംബനവും

വിവാഹാഘോഷങ്ങൾക്ക് ബൈ പറഞ്ഞു മാളവിക ജയറാം. വിവാഹ രജിസ്‌ട്രേഷൻ സർട്ടഫിക്കറ്റ് കൈയ്യിൽ പിടിച്ച് ഭർത്താവ് നവനീതിനെ ചുംബിക്കുന്ന ചിത്രത്തിനൊപ്പം ‘അങ്ങനെ അതിന് അവസാനം’ എന്നായിരുന്നു മാളവിക നൽകിയ അടിക്കുറിപ്പ്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു വിവാഹ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ചിത്രം മാളവിക പങ്കുവെച്ചത്.

താരനിബിഢമായിരുന്നു മാളവിക ജയറാമിന്റെ വിവാഹം. ഗുരുവായൂരിൽ നടന്ന വിവാഹച്ചടങ്ങുകൾക്കുശേഷം താരങ്ങൾ ഉൾപ്പെടെയുള്ള ക്ഷണിതാക്കൾക്ക് പങ്കെടുക്കാൻ മൂന്നു സ്വീകരണ ചടങ്ങുകൾ ഉണ്ടായിരുന്നു. താലികെട്ടിനു ശേഷം തൃശൂരിലെ നക്ഷത്ര ഹോട്ടലിൽ മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്കു വിരുന്ന്. അതിനു പിന്നാലെ കൊച്ചിയിൽ സിനിമാക്കാർക്കായി ഗ്രാൻഡ് റിസപ്‌ഷൻ. അതും കഴിഞ്ഞ് നവനീത് ഗിരീഷിന്റെ നാടായ പാലക്കാട് വരന്റെ വീട്ടുകാർ പ്ലാൻ ചെയ്ത റിസപ്‌ഷനും നടന്നിരുന്നു.

മലയാളത്തിലെ പ്രമുഖ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും ദിലീപും പൃഥ്വിരാജും ശോഭനയും മുതല്‍ ഒട്ടുമിക്ക താരങ്ങളും വിവാഹത്തിന് എത്തിയിരുന്നു. ബോളിവുഡില്‍ നിന്ന് ജാക്കി ഷ്രോഫും തമിഴ് സിനിമാ ലോകത്ത് നിന്ന് ഖുശ്ബു, പൂര്‍ണിമ, സുഹാസിനി എന്നിവരും പങ്കെടുത്തു.

പാലക്കാട്, നെന്മാറയിലെ കീഴെപ്പാട്ട് തറവാട്ട് അംഗമായ നവനീത് യുകെയില്‍ ചാര്‍ട്ടെഡ് അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ്. വിവാഹ ശേഷം മാളവികയും യുകെയിലേക്ക് പോകും എന്ന് നേരത്തെ പറഞ്ഞിരുന്നു. സ്‌പോർട്‌സ് മാനേജ്‌മെന്റില്‍ മാസ്റ്റര്‍ ഡിഗ്രി പൂര്‍ത്തിയാക്കിയ മാളവിക തന്റെ പാഷനൊക്കെയായി മുന്നോട്ട് പോകാനാണ് തീരുമാനം.