ഇരുചക്ര വാഹനത്തിൽ വിപണിയിൽ നേട്ടങ്ങൾ സ്വന്തമാക്കാൻ പായുമ്പോൾ പ്രമുഖബ്രാൻഡുകളെയെല്ലാം കാഴ്ചക്കാരാക്കി മാറ്റുകയാണ് സ്റ്റാർട്ടപ്പ് ബ്രാൻഡുകൾ. ഓലയും ഏഥറും ഒഖിനാവയും പോലുള്ളവ വിപണിയിൽ തങ്ങളുടെ കുതിപ്പ് തുടരുമ്പോൾ ഇവയോട് കിടപിടിക്കാൻ തരത്തിൽ വിപണിയിൽ എത്തിയിരിക്കുകയാണ് ഐവൂമി എനർജി.
സാധാരണക്കാർക്കും ഇലക്‌ട്രിക് വാഹനങ്ങൾ സ്വന്തമാക്കാൻ അവസരമൊരുക്കി കൊടുത്തവരാണ് ഐവൂമി. 79,999 രൂപ മുതൽ വില തുടങ്ങുന്ന ഇവികളാണ് കമ്പനിയുടെ നിരയിലുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ജീത്ത് ശ്രേണിയിലേക്ക് പുത്തനൊരു വേരിയന്റ് കൂടി പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. ജീത്ത് X ZE (JeetX ZE) എന്ന് പേരിട്ടിരിക്കുന്ന വാഹനം ധാരാളം പുതുമകളുമായാണ് വരുന്നത്.
18 മാസത്തെ വിപുലമായ ഗവേഷണ, വികസന പ്രയത്നവും ഒരു ലക്ഷം കിലോമീറ്ററിലധികം പരിശോധനയും നടത്തിയാണ് പുതിയ മോഡലിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് ഐവൂമി എനർജി അവകാശപ്പെടുന്നത്. 3 വർഷം മുമ്പ് വിപണിയിൽ കൊണ്ടുവന്ന ജീത്ത്X വലിയ വിജയമാണ് നേടിയെടുത്തിരിക്കുന്നത്. സ്റ്റാൻഡേർഡ് ജീത്ത്X പതിപ്പിൽൽ നിന്നുള്ള ഒരു പ്രധാന നവീകരണ് പുതിയ ZE മോഡൽ.
പുതിയ ഇലക്ട്രിക് സ്‌കൂട്ടർ 2.1kWh, 2.5kWh, 3kWh ബാറ്ററി പായ്ക്ക് ഓപ്ഷനിൽ മൂന്ന് വേരിയൻ്റുകളിൽ ലഭ്യമാണെന്നും കമ്പനി പറയുന്നു. ഒറ്റ ചാർജിൽ 170 കിലോമീറ്റർ വരെ റേഞ്ചാണ് ഐവൂമി ജീത്ത്X ZE ഇവിയിൽ അവകാശപ്പെടുന്നത്. എല്ലായ്പ്പോഴും ശരിയായ വൈദ്യുതി ഉപഭോഗം ഉറപ്പാക്കുന്നതിന് പേറ്റന്റ് നേടിയ ജെൻ 3 ബാറ്ററി പായ്ക്ക് ഇന്ത്യയിൽ നിർമിക്കപ്പെട്ടതാണ് എന്നതും ശ്രദ്ധേയമാണ്.
പെർഫോമൻസിലേക്ക് വന്നാലും സ്‌കൂട്ടർ നിരാശപ്പെടുത്തില്ല. ഐവൂമി ഇലക്ട്രിക് സ്കൂട്ടറിലെ ബാറ്ററി പായ്ക്കിന് 7KW വരെ പവർ നൽകാൻ കഴിയും. ബാറ്ററിക്ക് വാട്ടർ പ്രതിരോധത്തിനായി IP67-റേറ്റിംഗും, ഈട് ഉറപ്പുനൽകുന്ന ആഘാത പ്രതിരോധത്തിനുള്ള ERW മെറ്റീരിയൽ സർട്ടിഫിക്കേഷനും വരെ ലഭിച്ചിട്ടുണ്ട്. ഡിസൈനും എഞ്ചിനീയറിംഗ് അപ്ഡേഷനും സ്കൂട്ടറിനെ അതിൻ്റെ മുൻഗാമിയെ അപേക്ഷിച്ച് 20 ശതമാനം വരെ ഭാരം കുറയ്ക്കാനും സഹായിച്ചിട്ടുണ്ട്.
മാത്രമല്ല ഇവിയിൽ ഉപയോഗിച്ചിരിക്കുന്ന കൂളിംഗ് സിസ്റ്റം ജീത്ത്X ഇവിയെ അപേക്ഷിച്ച് 2.4 മടങ്ങ് മികച്ച കൂളിംഗും മെച്ചപ്പെട്ട സ്ഥല വിനിയോഗവും നൽകുന്നു. കൂടുതൽ സൗകര്യത്തിനായി 826 ഗ്രാം ഭാരമുള്ള പോർട്ടബിൾ ചാർജറും റിമൂവബിളായ 12 കിലോ ബാറ്ററി പായ്ക്കും ഇതിലുണ്ട്. ജീത്ത്X ZE ഇവിയുടെ ഷാസി, ബാറ്ററി, പെയിന്റ് എന്നിവയ്ക്ക് കമ്പനി അഞ്ച് വർഷത്തെ വാറണ്ടിയാണ് വാഗ്ദാനം ചെയ്യുന്നത്.
ഏറ്റവും പുതിയ മോഡൽ അതിൻ്റെ സെഗ്മെന്റിലെ ഏറ്റവും വലിയ സീറ്റുകളിലൊന്നാണ് വാഗ്‌ദാനം ചെയ്യുന്നത്. വലിയ ലെഗ്റൂം, ഉദാരമായ ട്രങ്ക് സ്പേസ് എന്നിവയുമായാണ് ഐവൂമി എനർജിയുടെ ഏറ്റവും പുതിയ ജീത്ത് X ZE വേരിയന്റ് വരുന്നത്. ഇത് നാർഡോ ഗ്രേ, ഇംപീരിയൽ റെഡ്, അർബൻ ഗ്രീൻ, പേൾ റോസ്, പ്രീമിയം ഗോൾഡ്, സെറൂലിയൻ ബ്ലൂ, മോണിംഗ് സൾവർ, ഷാഡോ ബ്രൗൺ തുടങ്ങിയ കളർ ഓപ്ഷനുകളിൽ വാഹനം സ്വന്തമാക്കാം.
സമഗ്രമായ 7-ലെയർ സുരക്ഷാ പ്രോട്ടോക്കോൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിക്ക് ഉപയോഗിക്കാൻ എളുപ്പമുള്ള ആപ്പ്, ലൈവ് ട്രാക്കിംഗ്, ടേൺ-ബൈ-ടേൺ നാവിഗേഷൻ, കോൾ, എസ്എംഎസ് അലേർട്ടുകൾ, ജിയോ ഫെൻസിംഗ് എന്നീ ഫീച്ചറുകളാൽ സമ്പന്നമായ ഐവൂമി ജീത്ത് X ZE ഓല S1X മോഡലുമായാണ് വിപണിയിൽ പ്രധാനമായും മത്സരിക്കുക. ഐവൂമിയുടെ ഇലക്ട്രിക് സ്‌കൂട്ടർ ലൈനപ്പിൽ ജീത്ത് X, S1, S1 2.0 മോഡലുകളാണ് ഇപ്പോൾ ഉൾപ്പെടുന്നത്.
ഇതിനു പുറമെ എത്തിയ ജീത്ത് X ZE വിപണിയിൽ ചുവടുറപ്പിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. വെഹിക്കിൾ അപ്ഗ്രേഡ് പ്രോഗ്രാം എന്ന പേരിലുള്ള പരിപാടിയും കമ്പനി അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഐവൂമിയുടെ മുഴുവൻ ഇലക്ട്രിക് സ്കൂട്ടറുകളിലും ഈ പദ്ധതി ലഭ്യമാകും. പുതിയ വെഹിക്കിൾ അപ്‌ഗ്രേഡ് പ്രോഗ്രാമിന് കീഴിൽ നിലവിലുള്ള ഇലക്ട്രിക് സ്‌കൂട്ടർ ഉപഭോക്താക്കൾക്ക് അവരുടെ വാഹനങ്ങളിലെ പുതിയ ഫീച്ചറുകൾ 2,999 രൂപയ്ക്ക് അൺലോക്ക് ചെയ്യാനുള്ള ഓപ്ഷനാണ് ഐവൂമി എനർജി കൊണ്ടുവന്നിരിക്കുന്നത്.