NUMBER ONE മുഖ്യന്‍: ക്യൂബ മുതല്‍ യു.എസ് വരെ; 30 തവണ വിദേശയാത്ര നടത്തി റെക്കോഡിട്ട് പിണറായി വിജയന്‍

സന്ദര്‍ശിച്ചത് 14 രാജ്യങ്ങള്‍: ഇപ്പോള്‍ പോയത് വിനോദയാത്ര

ഏറ്റവും കൂടുതല്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച കേരളാ മുഖ്യമന്ത്രിമാരില്‍ പിണറായി വിജയന്‍ നമ്പര്‍ വണ്‍. ഇക്കാര്യത്തിലും നമ്പര്‍ വണ്‍ ആകാനുള്ള മുഖ്യമന്ത്രിയുടെ സൈക്കോളജിക്കല്‍ മൂവ് ക്ഷേമ പെന്‍ഷന്‍ ആറു തവണ മുടങ്ങിയവര്‍ക്കു മാത്രം മനസ്സിലായിട്ടില്ല. കേരളം നമ്പര്‍വണ്‍ ആണെന്നു പറഞ്ഞാല്‍ മുഖ്യമന്ത്രിയുടെ വിദേശ പര്യടനവും ഇതില്‍ ഉള്‍പ്പെടുമെന്ന് മനസ്സിലാക്കിക്കോണം.

 

അധികാരമേറ്റ് ഇത്രയും വര്‍ഷത്തിനിടയില്‍ 14 രാജ്യങ്ങളിലേക്ക് പോയിട്ടുണ്ട്. അതും 30 തവണയാണ് പോയിരിക്കുന്നത്. ഇനിയും രണ്ടു വര്‍ഷംകൂടി ഭരണം ഉള്ളതുകൊണ്ട് വിദേശ പര്യടനം വീണ്ടും ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അങ്ങനെയെങ്കില്‍ കേരളത്തില്‍ ഇനി അധികാരത്തിലെത്തുന്ന ഒരു മുഖ്യമന്ത്രിമാര്‍ക്കും പിണറായി വിജയന്റെ വിദേശ സന്ദര്‍ശന റെക്കോര്‍ഡ് മറികടക്കാനാവില്ല.

അതാണ് നമ്പര്‍ വണ്‍. അമേരിക്ക, ബ്രിട്ടന്‍, ക്യൂബ, നോര്‍വെ, ഫിന്‍ലാന്റ്, നെതര്‍ലന്റ്‌സ്, സ്വിറ്റ്‌സര്‍ലന്റ്, ഫ്രാന്‍സ്, ജപ്പാന്‍, ദക്ഷിണ കൊറിയ, ബഹ്‌റിന്‍, യു.എ.ഇ, ഇന്തോനേഷ്യ, സിംഗപ്പൂര്‍ എന്നീ വിദേശ രാജ്യങ്ങളാണ് പിണറായി വിജയന്‍ ഇതുവരെ സന്ദര്‍ശിച്ചത്. ഇപ്പോള്‍ വിദേശ യാത്രക്ക് പോയിരിക്കുന്ന മുഖ്യമന്ത്രി ഇന്തോനേഷ്യ, സിംഗപ്പൂര്‍, യു.എ.ഇ എന്നിവിടങ്ങളില്‍ 16 ദിവസം കുടുംബത്തോടൊപ്പം ചെലവഴിക്കും.

ചികിത്സയ്ക്കായി അഞ്ച് പ്രാവശ്യമാണ് അമേരിക്കന്‍ യാത്ര നടത്തിയിരിക്കുന്നത്. രണ്ടു തവണ സ്വകാര്യ സന്ദര്‍ശനവും മൂന്ന് തവണ ചികിത്സയ്ക്കുമാണ് അമേരിക്കയില്‍ പോയത്. 8 തവണ യു.എ.ഇ സന്ദര്‍ശിച്ചിട്ടുണ്ട്. ഈ യാത്രകളിലെല്ലാം ഭാര്യ, കൊച്ചു മകന്‍, മകള്‍ എന്നിവര്‍ മുഖ്യമന്ത്രിയ്‌ക്കൊപ്പം പോയിട്ടുണ്ട്. മരുമകന്‍ പി.എ. മുഹമ്മദ് റിയാസ് മകളുടെ ഭര്‍ത്താവായി എത്തിയതോടെ റിയാസും യാത്രയില്‍ അംഗമായി.

കൂടുംബ യാ്രകളും, ഔദ്യാഗിക യാത്രകളും ഇതില്‍പ്പെടുന്നുണ്ട്. ചികിത്സാര്‍ത്ഥം നടത്തിയ യാത്രകളുമുണ്ട്. ഇതില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വിദേശയാത്ര കൊണ്ട് സംസ്ഥാനത്തിന് യാതൊരു ഗുണവും ഉണ്ടായിട്ടില്ലെന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏറെ കെട്ടിഘോഷിച്ച റൂം ഫോര്‍ റിവര്‍ ആകട്ടെ പ്രഖ്യാപനത്തില്‍ ഒതുങ്ങിയെന്നതും സത്യമാണ്.

കുടുംബവും ഒത്തുള്ള യാത്ര ആയതുകൊണ്ട് തന്നെ ഔദ്യോഗികയാത്രക്ക് മുഖ്യമന്ത്രി പോയാലും ‘ ഉല്ലാസ യാത്ര’ എന്ന പരിഹാസത്തിനും കാരണമാകാറുണ്ട്. അമേരിക്കയിലെ ടൈം സ്‌ക്വയറിലെ കസേര നിരവധി ട്രോളുകള്‍ക്ക് സാക്ഷ്യം വഹിച്ചു. ഇത്തവണത്തെ 16 ദിവസത്തെ വിദേശയാത്രയുടെ ചെലവും സര്‍ക്കാര്‍ ഖജനാവാണ് വഹിക്കുന്നത്. വിദേശയാത്രകളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകന്‍ കൂടിയായ മന്ത്രി പി.എ. മുഹമ്മദ് റിയാസിന് മൗനം മാത്രമാണ് ഉത്തരം.

വിദേശ സന്ദര്‍ശനങ്ങളുടെ നിയമസഭ ചോദ്യത്തിന് 3 മാസമായിട്ടും റിയാസ് മറുപടി നല്‍കിയിട്ടില്ല എന്നത് വലിയ പ്രശ്‌നമായി പ്രതിപക്ഷം ചൂട്ടിക്കാട്ടുണ്ട്. ടൂറിസം മന്ത്രി എത്ര തവണ വിദേശ സഞ്ചാരം നടത്തി, സന്ദര്‍ശിച്ച രാജ്യങ്ങളുടെ പേരും സന്ദര്‍ശന തീയതി, താമസിച്ച ഹോട്ടല്‍, സന്ദര്‍ശനങ്ങള്‍ക്കായി ഖജനാവില്‍ നിന്ന് ചെലവഴിച്ച തുക, മന്ത്രിയുടെ കുടുംബാംഗങ്ങള്‍ വിദേശയാത്രയില്‍ അനുഗമിച്ചിരുന്നോ, അവരുടെ ചെലവ് ആരാണ് വഹിച്ചത് എന്നി ചോദ്യങ്ങള്‍ക്കാണ് മറുപടി നല്‍കാത്തത്.

തൃപ്പൂണിത്തുറ എം.എല്‍.എ. കെ. ബാബുവാണ് ഈ വര്‍ഷം ഫെബ്രുവരി 1 ന് മുഹമ്മദ് റിയാസിനോട് നിയമസഭയില്‍ ചോദ്യം ചോദിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തില്‍ കുറഞ്ഞത് 5 തവണ റിയാസ് വിദേശ സന്ദര്‍ശനം നടത്തുന്നുണ്ടെന്നാണ് വിവരം. ഫ്രാന്‍സ് ഉള്‍പ്പെടെ പല വിദേശ സന്ദര്‍ശനങ്ങളിലും ഭാര്യ വീണ വിജയന്‍ റിയാസിനെ അനുഗമിച്ചിരുന്നു. 2 കോടിയില്‍ അധികം രൂപ റിയാസിന്റെയും കുടുംബത്തിന്റെയും വിദേശ സന്ദര്‍ശനത്തിന് ചെലവായെന്നാണ് ലഭിക്കുന്ന സൂചന.

അതേസമയം, സ്വകാര്യ സന്ദര്‍ശനമെന്ന് പറഞ്ഞ് മൂന്ന് രാജ്യങ്ങളിലേക്ക് യാത്ര നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വിദേശ യാത്രാ ഉദ്ദേശം വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. ഭരണത്തലവനാണ് പിണറായി വിജയന്‍. പൊതുപ്രവര്‍ത്തകര്‍ക്ക് രഹസ്യമില്ല. മുഖ്യമന്ത്രി എന്ത് ആവശ്യത്തിനാണ് വിദേശത്തേക്ക് പോയതെന്ന് വിശദീകരിക്കണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു.

ഔദ്യോഗിക യാത്രയല്ല. സ്വകാര്യ സന്ദര്‍ശനമെന്ന പേരില്‍ മൂന്ന് രാജ്യങ്ങളില്‍ പോകുന്നത് ഉചിതമല്ലെന്നും മുരളീധരന്‍ പറയുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും നെടുമ്പാശേരിയില്‍ നിന്ന് യാത്ര പുറപ്പെട്ടത്. ഇന്തോനേഷ്യയിലേക്കാണ് ആദ്യം യാത്ര. ഈ മാസം 12 വരെ അദ്ദേഹം ഇന്തോനേഷ്യയില്‍ തുടരും. 12 മുതല്‍ 18 വരെയുള്ള ആറ് ദിവസങ്ങളില്‍ അദ്ദേഹം സിങ്കപ്പൂരിലാണ് ചെലവഴിക്കുക. പിന്നീട് ഈ മാസം 19 മുതല്‍ 21 വരെ യുഎഇയും സന്ദര്‍ശിക്കും.

ശേഷം കേരളത്തിലേക്ക് മടങ്ങുമെന്നാണ് വിവരം. വിനോദയാത്ര എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ മുഖ്യമന്ത്രി അറിയിച്ചത്. പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് യാത്ര തിരിച്ചത്. മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമലയും കൊച്ചുമകനുമുണ്ട്. മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണ വിജയനും നാല് ദിവസം മുമ്പ് വിദേശത്തേക്ക് യാത്ര തിരിച്ചിരുന്നു. യുഎഇയിലേക്കായിരുന്നു ആദ്യ യാത്ര.