ഗ്യാസ് കയറി വയർ വീർത്തോ? ഞൊടിയിടയിൽ മാറ്റാൻ ഈ ട്രിക്കുകൾ മാത്രം മതി

ഗ്യാസ് ട്രബിൾ മിക്കവരേയും അലട്ടുന്ന പ്രശ്നമാണ്. ഭക്ഷണമോ, ശീലങ്ങളിലുള്ള മാറ്റമോ, ദഹനക്കേടോ, ഉറക്കമില്ലായ്മയോ ഇതെല്ലാം ആദ്യം ബാധിക്കുന്നത് വയറിനെയാണ്. ഗ്യാസ് വന്നാല്‍ വയറ് വീര്‍ക്കുന്നത് സ്വാഭാവികമാണ്. ​​ഗ്യാസ് ട്രബിൾ അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില ഒറ്റമൂലികൾ ഏതൊക്കെയാണെന്ന് നോക്കാം.

മല്ലിയോ മല്ലിയിലയോ ഉപയോഗിക്കുക. മല്ലിയിലയാണെങ്കില്‍ ഏതാനും ഉണങ്ങിയ ഇലകളെടുത്ത് ചൂടുവെള്ളത്തിലിട്ട ശേഷം കുടിക്കാം. മല്ലിയാണ് ഉപയോഗിക്കുന്നതെങ്കില്‍ അല്‍പം വറുത്ത മല്ലി മോരില്‍ ചേര്‍ത്ത് കഴിക്കാം.

ഗ്യാസ് ട്രബിൾ അകറ്റാൻ ഏറ്റവും നല്ലതാണ് വെളുത്തുള്ളി. വെളുത്തുള്ളി പാലിൽ ചതച്ചിട്ട് കുടിക്കുന്നത് ​ഗ്യാസ് ട്രബിൾ അകറ്റാൻ നല്ലൊരു പ്രതിവിധിയാണ്. രണ്ട് അല്ലി വെളുത്തുള്ളി ചുട്ട് ചതച്ച് കഴിക്കുന്നത് ​​ഗ്യാസ് ട്രബിൾ അകറ്റും.

കുരുമുളകും ജീരകവും കൂട്ടിച്ചേര്‍ത്ത് പൊടിച്ച് ഇഞ്ചി നീരില്‍ കുടിക്കുന്നത് ​ഗ്യാസ് ട്രബിൾ അകറ്റാൻ സഹായിക്കും.

വലിയ ജീരകമാണ് ഗ്യാസിന് മറ്റൊരു മരുന്ന്. ഗ്യാസിനും നെഞ്ചെരിച്ചിലിനും വയറ് വീര്‍ക്കുന്നതിനുമെല്ലാം ജീരകം ഉത്തമമാണ്. അല്‍പം വറുത്ത വലിയ ജീരകം വെള്ളത്തിലോ മോരിലോ കലര്‍ത്തി കഴിക്കാവുന്നതാണ്.

തുളസിയില വെറും വയറ്റില്‍ കഴിക്കുന്നതും തുളസിയിലയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും ഗ്യാസ് ട്രബിളിന് പരിഹാരമാണ്.

ഇഞ്ചി ചതച്ച് അല്‍പം ശര്‍ക്കര ചേര്‍ത്ത് കഴിക്കുന്നത് ഗ്യാസ് ട്രബിള്‍ മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അകറ്റും.അല്ലെങ്കിൽ ഇഞ്ചി നീര് ചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കുന്നതും ​ഗ്യാസ് ട്രബിൾ അകറ്റാൻ സഹായിക്കും.

ഈ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ പ്രത്യേകം ശ്രദ്ധിക്കുക.

  • രണ്ട് ആഴ്ച കഴിഞ്ഞിട്ടും മാറാത്ത ഗ്യാസ്ട്രബിൾ
  • ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട്
  • തൂക്കകുറവ്, അമിതക്ഷീണം
  • വിശപ്പില്ലായ്മ

പ്രതിരോധം

  • മിതവും ക്രമവുമായ ഭക്ഷണരീതി സ്വീകരിക്കുക
  • സ്ഥിരമായ വ്യായാമം
  • പുകവലിയും മദ്യപാനവും ഒഴിവാക്കുക.
  • കോള പോലുള്ള കാർബണേറ്റഡ് പാനീയങ്ങൾ ഒഴിവാക്കുക.
  • തണുത്തതും പഴകിയതുമായ ഭക്ഷണം ഒഴിവാക്കുക.
  • ശരീരം അധികം അനങ്ങാതെ ദീർഘനേരം ഇരിക്കുന്നത് ഒഴിവാക്കുക. ഇടയ്ക്കിടെ കസേരയിൽ നിന്ന് എഴുന്നേൽക്കുകയോ ചെറുവ്യായാമങ്ങളോ ചെയ്യുക.
  • ആഹാരസാധനങ്ങൾ വേണ്ടത്ര വേവിച്ചു കഴിക്കണം. വേവാത്ത ഭക്ഷണംഗ്യാസിനു കാരണമാകും.

ശ്രദ്ധിക്കാം

വയറ്റിൽ ഗ്യാസ് നിറഞ്ഞതുപോലെ തോന്നുക, ഏമ്പക്കം, ഓക്കാനം, തുടങ്ങിയ പ്രശ്നങ്ങൾ ഹൃദയാഘാതം മൂലമുണ്ടാകാം. ഇത്തരം പ്രശ്നങ്ങൾ വരുമ്പോൾ ഗ്യാസ്ട്രബിൾ ആണെന്ന് കരുതി ലഘുവായി എടുക്കാതെ വൈദ്യസഹായം തേടുക.