Chairman of Indian Overseas Congress Sam Pitroda gestures as he speaks during a press conference in Amritsar on May 8, 2019. (Photo by NARINDER NANU / AFP)
വീണ്ടും വിവാദ പരാമർശവുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിത്രോദ. ഇന്ത്യയുടെ കിഴക്കു ഭാഗത്തുള്ളവർ ചൈനക്കാരേപ്പോലെയും പടിഞ്ഞാറുള്ളവർ അറബികളേപ്പോലെയും ഉത്തരേന്ത്യയിലുള്ളവർ വെള്ളക്കാരേപ്പോലെയും ദക്ഷിണേന്ത്യയിലുള്ളവർ ആഫ്രിക്കക്കാരേപ്പോലെയുമാണെന്നായിരുന്നു പിത്രോദയുടെ പരാമർശം. മെയ് രണ്ടിന് ഇംഗ്ലീഷ് മാധ്യമമായ ദി സ്റ്റേറ്റ്‌സ്മാന് നൽകിയ അഭിമുഖത്തിനിടെയാണ് കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവന പിത്രോദ നടത്തിയത്.
ഇന്ത്യയുടെ വൈവിധ്യങ്ങൾക്കിടയിലും ജനങ്ങൾ ഒന്നാണെന്ന് വിശദീകരിക്കുന്നതിനിടയിൽ നടത്തിയ നിരീക്ഷണങ്ങളാണ് വിവാദത്തിന് ഇടയാക്കിയത്. ഇടക്കുണ്ടാകുന്ന കലാപങ്ങൾ മാറ്റിനിർത്തിയാൽ 75 വർഷമായി ഇന്ത്യയിലെ ജനങ്ങൾക്ക് സമാധാനപരമായി ഒത്തൊരുമയോടെ ജീവിക്കാൻ കഴിയുന്നുണ്ടെന്നും വൈവിധ്യങ്ങൾക്കിടയിലും നമ്മൾ ലോകത്തിലെ തന്നെ ജനാധിപത്യ രാജ്യങ്ങളുടെ ഉത്തമ ഉദാഹരണമാണെന്നുമായിരുന്നു പിത്രോദയുടെ പ്രസ്താവന.
പിത്രോദയുടെ പരാമർശം വംശീയമാണെന്ന് ചൂണ്ടിക്കാട്ടി വിവിധ കോണുകളിൽനിന്ന് വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. വടക്കു-കിഴക്കൻ പ്രദേശവാസികളെ പ്രസ്താവനയിലൂടെ അപമാനിച്ചുവെന്ന് അരുണാചൽ പ്രദേശ് എം.പിയും കേന്ദ്ര മന്ത്രിയുമായ കിരൺ റിജിജു പ്രതികരിച്ചു. ബി.ജെ.പി ഭരിക്കുന്ന അസ്സം, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ സാം പിത്രോദ മാപ്പു പറയണമെന്നാവശ്യവുമായി രംഗത്തുവന്നിട്ടുണ്ട്.
സമ്പത്തിന്റെ പുനർവിതരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് സാം പിത്രോദയുടെ പരാമർശങ്ങൾ ബി.ജെ.പി പ്രചാരണായുധമാക്കിയിരുന്നു. ന്യൂസ് ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ അമേരിക്കയിലെ ഇൻഹെറിറ്റൻസ് ടാക്സിനേക്കുറിച്ച് നടത്തിയ പരാമർശമാണ് വിവാദമായത്.