‘രോമാഞ്ചം’ത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്‌ത ഫഹദ് ഫാസിൽ ചിത്രം ‘ആവേശം’ ഒടിടി റിലീസിനൊരുങ്ങുന്നു. മെയ് 9 മുതൽ ആമസോൺ പ്രൈമിലൂടെ ചിത്രം പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്കെത്തും. 2024 ഏപ്രിൽ 11ന് റിലീസ് ചെയ്ത ഈ ചിത്രം 25 ദിവസത്തെ തിയറ്റർ പ്രദർശനത്തിന് ഒടുവിലാണ് ഒടിടിയിലേക്കെത്തുന്നത്. അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സിന്റെ ബാനറിൽ നസ്രിയ നസീമും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
30 കോടി ബജറ്റിലാണ് ‘ആവേശം’ ഒരുക്കിയത്. 150 കോടിയിലധികം ആഗോള കളക്ഷൻ നേടി. ബാംഗ്ലൂരിന്റെ പശ്ചാത്തലത്തിൽ ഒരു സംഘം മലയാളി കോളേജ് വിദ്യാർത്ഥികളുടെയും അവരെ സഹായിക്കാൻ എത്തുന്ന ഗുണ്ടയുടെയും കഥയാണ് ചിത്രം പറയുന്നത്. രഞ്ജിത്ത് ഗംഗാധരന് എന്ന രംഗണ്ണനായാണ് ഫഹദ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. താരം ഇരുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തത പുലർത്തുന്ന ഈ കഥാപാത്രം പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് നേടിയത്. ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ മൻസൂർ അലി ഖാൻ, സജിൻ ഗോപു, ഗെയ്മറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജയ് ശങ്കർ, റോഷൻ ഷാനവാസ് തുടങ്ങിയവരാണ് അവതരിപ്പിച്ചത്.
സൗബി ഷാഹിർ, അർജുൻ അശോകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിത്തു മാധവൻ സംവിധാനം നിർവഹിച്ച ആദ്യ ചിത്രമാണ് ‘രോമാഞ്ചം’. 2023 ഫെബ്രുവരി 3നാണ് ചിത്രം തിയറ്റർ റിലീസ് ചെയ്തത്. 2007 കാലഘട്ടത്തിൽ ബാംഗ്ലൂരിലെ ഒരു വീട്ടിൽ വാടകക്ക് താമസിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കൾ അപ്രതീക്ഷിതമായ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ‘രോമാഞ്ചം’ത്തിൽ ഹൊറർ ടച്ചും സിറ്റുവേഷണൽ കോമയുമാണ് നിറഞ്ഞു നിന്നതെങ്കിൽ രണ്ടാം ചിത്രമായ ‘ആവേശം’ ആക്ഷൻ-കോമഡി ഗണത്തിലാണ് ഉൾപ്പെടുന്നത്.
ഛായാഗ്രഹണം: സമീർ താഹിർ, ചിത്രസംയോജനം: വിവേക് ഹർഷൻ, സംഗീതം: സുഷിൻ ശ്യാം, ഗാനരചന: വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ: അശ്വിനി കാലെ, വസ്ത്രാലങ്കാരം: മഷർ ഹംസ.