കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹചടങ്ങിൽ കോൺഗ്രസ് നേതാവ് പങ്കെടുത്തത് വിവാദമായി. കേസിലെ പതിമൂന്നാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹചടങ്ങിൽ പെരിയ മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയ ഇന്നലെ പങ്കെടുത്തതാണ് വിവാദത്തിലായത്. പ്രമോദ് പെരിയയെ മണ്ഡലം പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി. ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് കെ വി ഭക്തവത്സനാണ് പകരം ചുമതല.
യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷ്, ശരത് ലാൽ എന്നിവരുടെ കൊലപാതകം ജില്ലയിൽ സിപിഐഎം നെതിരെ കോണ്‍ഗ്രസ് രാഷ്ട്രീയ ആയുധമാക്കുമ്പോഴാണ് പ്രദേശത്തെ മണ്ഡലം പ്രസിഡന്റ് പ്രതിയുടെ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തത്.
വരൻ ഡോ. ആനന്ദ് കൃഷ്ണൻ ക്ഷണിച്ചിട്ടാണ് താൻ കല്യാണത്തിൽ പങ്കെടുത്തതെന്നായിരുന്നു പ്രമോദ് പെരിയ വിശദീകരണം. വേറെയും കോൺഗ്രസ് നേതാക്കൾ കല്യാണത്തിൽ പങ്കെടുത്തിരുന്നെന്നും തൻ്റെ ഫോട്ടോ മാത്രം പ്രചരിപ്പിക്കുന്നതിൽ ദുരൂഹതയുണ്ടെന്നും പ്രമോദ് ആരോപിച്ചു.
സംഭവത്തിൽ ജാഗ്രതകുറവുണ്ടായി എന്ന നിലപാടിലാണ് ഡി സി സി. പ്രമോദ് പെരിയയോട് വിശദീകരണം തേടിയെന്നും, നടപടി ഉണ്ടാകുമെന്നും ഡി സി സി പ്രസിഡന്റ് പി കെ ഫൈസൽ അറിയിച്ചു.
2019 ഫെബ്രുവരി 17-നായിരുന്നു കാസർകോട്ട് കല്യോട്ട് വെച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയത്. 24 പ്രതികളുള്ള കേസില്‍ 16 പേര് ജയിലിലാണ്. കൊലപാതകം, തെളിവ് നശിപ്പിക്കൽ സംഘം ചേരൽ, ഗൂഡാലോചന തുടങ്ങിയവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍.