തിരുവനന്തപുരം: മാത്യു കുഴൽനാടനെ രൂക്ഷമായി വിമർശിച്ച് എംവി ഗോവിന്ദൻ. മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച വാദങ്ങളെല്ലാം കോടതി തള്ളിക്കളഞ്ഞു. ആരോപണം തെറ്റെങ്കിൽ മാപ്പ് പറയാമെന്ന് കുഴൽനാടൻ പറഞ്ഞിരുന്നു. എന്നിട്ടും മാപ്പ് പറയാൻ തയ്യാറാവുന്നില്ല എന്നും എംവി ഗോവിന്ദൻ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് കോടതി തന്നെ വ്യക്തമാക്കിയെന്നും എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാഷ്ട്രീയ പ്രശ്നങ്ങളെ വലതുപക്ഷ മാധ്യമങ്ങൾ ചർച്ചയാക്കുന്നില്ല. കേരളത്തിൽ ഇടതുപക്ഷമാണ് വർഗീയത ഉയർത്തുന്നതെന്ന് യുഡിഎഫ് പ്രചാരവേല നടത്തി. വർഗീയ ധ്രുവീകരണവും അശ്ലീല പ്രചാരണവും വടകരയിൽ നടന്നു. ഉത്സവപ്പറമ്പിലെ കള്ളനെ പോലെയാണ് ഷാഫി പറമ്പിൽ അടക്കമുള്ളവർ സ്വീകരിക്കുന്ന നിലപാട്. ഇത് ജനം തിരിച്ചറിയും.
കുഴൽനാടന്റെയും കേസിന്റെയും പതനം കേരളം കണ്ടു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ മാത്യു കഴമ്പില്ലാത്ത ആരോപണം പ്രചരിപ്പിച്ചു. അതിനു പിന്തുണ നൽകിയ ചില മാധ്യമങ്ങൾ കെട്ടിപ്പൊക്കിയ ചില്ല് കൊട്ടാരം തകർന്നു. ആരോപണം തെറ്റെങ്കിൽ മാപ്പ് പറയാമെന്നു കുഴൽനാടൻ പറഞ്ഞിരുന്നു. എന്നാൽ മാപ്പ് പറയുന്ന പ്രക്രിയയിലേക്ക് കുഴൽനാടൻ മാറിയില്ല. ഓരോരോ മേഖലയിൽ ഓരോരോ കേസുകൾ പല ഘട്ടങ്ങളിലായി കൊടുക്കുകയാണ്. എന്തോ വലിയ തെളിവുകൾ ഉണ്ടെന്നു പറഞ്ഞാണ് കുഴൽനാടൻ കോടതിയിൽ പോയത്. പരാതി രാഷ്ട്രീയപ്രേരിതം ആണെന്ന് കോടതി തന്നെ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച വാദങ്ങളെല്ലാം കോടതി തള്ളിക്കളഞ്ഞു. അഴിമതി ഉണ്ടെന്നു സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്ന് കോടതി പറഞ്ഞു. വ്യക്തമായ കോടതി വിധി വന്നിട്ടും മാധ്യമങ്ങൾ വിഷയം ചർച്ച ചെയ്തില്ല. കള്ളപ്പരാതി ഉന്നയിക്കുന്ന വ്യവഹാരിക്ക് കോടതിയിൽ തിരിച്ചടി കിട്ടി. എന്നിട്ടും മാപ്പ് പറയാൻ തയ്യാറാകുന്നില്ല. മാത്യു കുഴൽനാടൻ വലിയ കേസിൽ പെട്ടിരിക്കുകയാണ്. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട സർക്കാർ നടപടി നേരിടുകയാണ്. എന്നിട്ടും മാധ്യമങ്ങൾ മാത്യുവിനെ വെള്ള പൂശി. മാപ്പ് പറയേണ്ട ബാധ്യത കുഴൽനാടനുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം വീണ്ടും ഏറ്റെടുത്ത വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. ബിജെപിയില്‍ പോകുമെന്ന് ഭീഷണിപ്പെടുത്തിയാണ് കെ സുധാകരന്‍ വീണ്ടും പ്രസിഡന്റ് ആയതെന്നാണ് എം വി ഗോവിന്ദന്‍ പറഞ്ഞത്.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയെ എം വി ഗോവിന്ദന്‍ ന്യായീകരിച്ചു. മുഖ്യമന്ത്രിയുടെ സ്വകാര്യ വിദേശയാത്ര കേന്ദ്ര സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും അനുമതിയോടെയാണെന്നും ഇപ്പോഴുള്ള ചര്‍ച്ചയ്ക്ക് പിന്നില്‍ ഇടതുപക്ഷ വിരോധമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.