ബെംഗളൂരു: സമൂഹത്തിൽ വർഗീയ വിദ്വേഷം വളർത്തുന്ന വീഡിയോ പ്രചരിപ്പിച്ച കേസിൽ ബിജെപി അധ്യക്ഷൻ ജെ.പി നഡ്ഡയ്ക്കും പാർട്ടി ഐടി സെൽ മേധാവി അമിത് മാളവ്യക്കും ബെംഗളൂരു പൊലീസിന്റെ സമൻസ്. ബെംഗളൂരുവിലെ ഹൈഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് നേതാക്കൾക്ക് നോട്ടീസ് നൽകിയത്.
വീഡിയോയുമായി ബന്ധപ്പെട്ട് ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവണമെന്ന് നോട്ടീസിൽ പറയുന്നു. കോൺഗ്രസ് മുസ്ലിം പ്രീണനം നടത്തുകയാണെന്ന് ആരോപിക്കുന്ന ആനിമേഷൻ വീഡിയോ പ്രസിദ്ധീകരിച്ചതിലാണ് നടപടി.
ബിജെപി കർണാടക കമ്മിറ്റി പ്രസിദ്ധീകരിച്ച വിദ്വേഷ വീഡിയോ നീക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ മൈക്രോ ബ്ലോഗിങ് സൈറ്റായ എക്സിനോട് നിർദേശിച്ചതിനു തൊട്ടുപിന്നാലെയാണ് ബെംഗളൂരു പൊലീസ് ഇരു നേതാക്കൾക്കും നോട്ടീസ് നൽകിയത്.