ബിജെപി വിദ്വേഷ വീഡിയോ; ജെ.പി നഡ്ഡയ്ക്കും അമിത് മാളവ്യക്കും ബെം​ഗളൂരു പൊലീസിന്‍റെ സമൻസ്

ബെംഗളൂരു: സമൂഹത്തിൽ വർഗീയ വിദ്വേഷം വളർത്തുന്ന വീഡിയോ പ്രചരിപ്പിച്ച കേസിൽ ബിജെപി അധ്യക്ഷൻ ജെ.പി നഡ്ഡയ്ക്കും പാർട്ടി ഐടി സെൽ മേധാവി അമിത് മാളവ്യക്കും ബെം​ഗളൂരു പൊലീസിന്റെ സമൻസ്. ബെംഗളൂരുവിലെ ഹൈഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് നേതാക്കൾക്ക് നോട്ടീസ് നൽകിയത്.

വീഡിയോയുമായി ബന്ധപ്പെട്ട് ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവണമെന്ന് നോട്ടീസിൽ പറയുന്നു. കോൺഗ്രസ് മുസ്‍ലിം പ്രീണനം നടത്തുകയാ​ണെന്ന് ആരോപിക്കുന്ന ആനിമേഷൻ വീഡിയോ പ്രസിദ്ധീകരിച്ചതിലാണ് നടപടി.

ബിജെപി കർണാടക കമ്മിറ്റി പ്രസിദ്ധീകരിച്ച വിദ്വേഷ വീഡിയോ നീക്കാൻ തെരഞ്ഞെടു​പ്പ് കമീ​ഷ​ൻ മൈക്രോ ബ്ലോഗിങ് സൈറ്റായ എക്സിനോട് നിർദേശിച്ചതിനു തൊട്ടുപിന്നാലെയാണ് ബെം​ഗളൂരു പൊലീസ് ഇരു നേതാക്കൾക്കും നോട്ടീസ് നൽകിയത്.