ന്യൂഡല്‍ഹി: വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിൽ എയർ ഇന്ത്യ എക്സ്പ്രസിനോട് റിപ്പോർട്ടു തേടി കേന്ദ്ര വ്യോമയാന മന്ത്രാലയം. അലവൻസ് കൂട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി ജീവനക്കാർ സമരത്തിലായതാണ് സർവീസുകൾ റദ്ദാകാനുള്ള കാരണമായത്.
പ്രശ്‌നങ്ങൾ ഉടനടി പരിഹരിക്കാനും ഡിജിസിഎ മാനദണ്ഡങ്ങൾക്കനുസൃതമായി യാത്രക്കാർക്ക് സൗകര്യങ്ങൾ ഉറപ്പാക്കാനും വ്യോമയാന മന്ത്രാലയം എയർ ഇന്ത്യയോട് ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച രാത്രി മുതൽ 90 ഓളം വിമാനങ്ങളാണ് എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയത്. വിമാനങ്ങൾ റദ്ദാക്കിയതോടെ യാത്രക്കാർ പ്രതിസന്ധിയിലായി. എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ മിന്നൽ പണിമുടക്കിൽ കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള യാത്രക്കാർ വലഞ്ഞു.