ഒരു കാലത്ത് ഏറ്റവുമധികം വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗമായിരുന്നു ചൈനീസ് ഭീമൻ പാണ്ട. കൃത്യമായ ആസൂത്രണത്തിലൂടെയും ആവാസവ്യവസ്ഥ സംരക്ഷണത്തിലൂടെയും പാണ്ടകളുടെ വംശത്തെ രക്ഷിച്ചെടുത്തിരിക്കുകയാണ് ഗവേഷകർ. പൊതുവെ പാണ്ടകൾ എന്ന് കേട്ടാൽ നമ്മുടെ മനസ്സിലേക്ക് വരിക വെളുപ്പും കറുപ്പും നിറമുള്ള പാണ്ടകളാണ്. എന്നാൽ മറ്റൊരു വിധത്തിലുള്ള പാണ്ട വർഗ്ഗവും ഭൂമിയിലുണ്ട് എന്നതാണ് സത്യം. തവിട്ടും വെളുപ്പും കലർന്ന നിറമുള്ളവയാണ് ഈ പാണ്ടകൾ. പക്ഷേ ഈ വിഭാഗത്തിൽ പെട്ടവയിൽ ഇന്ന് എട്ട് പാണ്ടകൾ മാത്രമാണ് ഭൂമിയിലുള്ളത്. ഇതിൽത്തന്നെ ഒന്ന് മാത്രമാണ് മനുഷ്യരുടെ നിയന്ത്രണത്തിൽ വളരുന്നത്. ഈ ഒരു പാണ്ടയിൽ നടത്തിയ പുതിയ പഠനത്തിൽ, തവിട്ട് പാണ്ട വർഗത്തെക്കുറിച്ചുള്ള പുതിയ പല രഹസ്യങ്ങളും ലഭ്യമായി.
ക്വിസായ് എന്നതാണ് മനുഷ്യർ വളർത്തുന്ന ഏക തവിട്ടു പാണ്ടയ്ക്ക് നൽകിയ പേര്. എന്ത് കൊണ്ടാണ് തവിട്ടു പാണ്ടകൾക്ക് ഈ വ്യത്യസ്ത നിറം ലഭിക്കുന്നത് എന്നു പഠിക്കാൻ ഗവേഷകർ അവയുടെ ഡിഎൻഎ പരിശോധിച്ചു. ഇതിനായി 35 പാണ്ടകളിലെ ജീനുകളുടെ ഘടനയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിൽ രണ്ട് തവിട്ട് പാണ്ടകളുടെയും ബാക്കി കറുത്ത പാണ്ടകളുടെയും ജീനുകളാണ് ഉപയോഗിച്ചത്. രണ്ട് തവിട്ട് പാണ്ടകളിൽ ഒന്ന് ക്വിസായ് ആയിരുന്നു. ബാസ് 2 എന്നറിയപ്പെടുന്ന ഒരു ജീൻ ആണ് തവിട്ട് പാണ്ടകൾക്ക് ഈ നിറം നൽകുന്നതിൽ നിർണായക പങ്ക് വഹിക്കുന്നത്. അമിലോയിഡ് പ്രീകേർസർ പ്രോട്ടീൻ എന്നറിയപ്പെടുന്ന പ്രോട്ടീനെ വിഘടിപ്പിക്കുന്ന എൻസൈമുകൾ അടങ്ങിയതാണ് ബാസ് 2 ജീൻ. പഠനവിധേമാക്കിയ 2 തവിട്ട് പാണ്ടകളിലും ജീനിനെ കണ്ടെത്തിയപ്പോൾ കറുത്ത പാണ്ടകളിൽ ഈ ജീനിന്റെ സാന്നിദ്ധ്യം കണ്ടെത്താനായില്ല.
പ്രാഥമികമായി നടത്തിയ ഈ നിരീക്ഷണത്തിൽത്തന്നെ തവിട്ട് പാണ്ടകളടെ നിറഭേദത്തിന് കാരണം ഈ ജീൻ ആയിരിക്കാം എന്ന നിഗമനത്തിലാണ് ഗവേഷകർ എത്തിയത്. ഇക്കാര്യം ഉറപ്പിക്കാനായി വിശദമായ പരീക്ഷണണങ്ങളും. ആദ്യം പഠനം നടത്തിയ പാണ്ടകൾക്ക് പുറമെ 192 കറുത്ത പാണ്ടകളുടെ ജീനുകൾ കൂടി ഗവേഷകർ പഠന വിധേയമാക്കി. ഈ പരിശോധനയിലും തവിട്ട് പാണ്ടകളിൽ കണ്ടെത്തിയ ബാസ് 2 ജീനിന്റെ രണ്ട് വ്യത്യസ്ത വകഭേദങ്ങൾ കറുത്ത പാണ്ടകളിൽ കണ്ടെത്താനായില്ല. ഇത് കൊണ്ടും ഈ ജീനാണ് തവിട്ട് നിറത്തിന് കാരണം എന്ന് ഗവേഷകർ തീർച്ചപ്പെടുത്തിയില്ല. ഒരു പരീക്ഷണം കൂടി നടത്താൻ അവർ തയാറായി. തവിട്ട് പാണ്ടകളിൽ കണ്ടെത്തിയ ജീൻ ഉപയോഗിച്ച് ഒരു ചുണ്ടെലിയുടെ ജനിതകഘടനയിൽ അവർ മാറ്റം വരുത്തി. തുടർന്ന് ഈ എലികളുടെ കുട്ടികളുടെ രോമം തവിട്ട് നിറത്തിലേക്ക് മാറിയതായി ഗവേഷക സംഘം തിരിച്ചറിഞ്ഞു. ഇതോടെയാണ് ബാസ് 2 എന്ന ജീനാണ് നിറം മാറ്റത്തിന് കാരണമാകുന്നത് എന്ന് ഇവർ ഉറപ്പിച്ചത്.
ഈ തെളിവുകൾ തവിട്ട് പാണ്ടകളെ ഒരു പ്രത്യേക ജീവിവർഗ്ഗമായി കണക്കാക്കാൻ പോന്നവയല്ല. മറിച്ച് കറുത്ത പാണ്ടകളിൽ ജനിതക മാറ്റം സംഭവിച്ച് ഉണ്ടായതാകാം തവിട്ട് പാണ്ടകൾ എന്നാണ് കണക്കാക്കുന്നത്. അതിനാൽ തന്നെ ഭീമൻ പാണ്ടകൾ എന്ന് വിളിക്കുന്ന ഒരു ജീവിവർഗ്ഗത്തിലെ രണ്ട് ഉപ വിഭാഗങ്ങളായാണ് ഇപ്പോൾ കറുത്ത പാണ്ടകളെയും തവിട്ട് പാണ്ടകളെയും കണക്കാക്കുന്നത്. പാണ്ട എന്ന ജനുസ്സിലുള്ള മറ്റൊരു ജീവി റെഡ് പാണ്ടകളാണ്. ഇവ പക്ഷേ ഭീമൻ പാണ്ടകളിൽനിന്നു തികച്ചും വ്യത്യസ്തരായതിനാൽ മറ്റൊരു ജീവിവർഗ്ഗമായിത്തന്നെയാണ് ചുവന്ന പാണ്ടകളെ കണക്കാക്കുന്നത്.