ദമ്മാം: എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ അപ്രതീക്ഷിത സമരത്തിൽ ഇന്ത്യയിൽ നിന്ന് ഗൾഫ് മേഖലയിലേക്കും തിരിച്ചുമുള്ള നിരവധി യാത്രക്കാരാണ് വലഞ്ഞത്. അപ്രതീക്ഷിതമായി പ്രഖ്യാപിച്ച പണിമുടക്കിൽപ്പെട്ട് വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും ബദൽ യാത്ര മാർഗ്ഗം ഒരുക്കുന്നതിനും എത്രയും പെട്ടെന്ന് കേന്ദ്ര സർക്കാർ തലത്തിൽ ഇടപെടൽ നടത്തണമെന്ന് നവോദയ ദമ്മാം ഘടകം ആവശ്യപ്പെട്ടു.
ഗൾഫ് മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളാണ് ഏറ്റവുമധികം എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനയാത്രയെ ആശ്രയിക്കുന്നത്. ഗൾഫിലെ പല രാജ്യങ്ങളിലും നിലവിലുള്ള വിസ സമ്പ്രദായം അനുസരിച്ചു കൃത്യസമയത്ത് ജോലിയിൽ തിരികെ പ്രവേശിച്ചില്ലെങ്കിൽ ജോലി തന്നെ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകും. അത്യാവശ്യകാര്യങ്ങൾക്ക് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് എടുത്ത യാത്രക്കാരും പ്രതിസന്ധിയിൽപ്പെട്ടിരിക്കുകയാണ്.
ഈ വിഷയത്തിൽ കേന്ദ്ര കേരള സർക്കാറുകൾ ഉടനടി ഇടപ്പെട്ട് പ്രശ്നം പരിഹരിക്കണം. എയർ ഇന്ത്യ എക്സ്പ്രസ്സ് സ്വകാര്യവത്കരണത്തിനു ശേഷമുണ്ടായ ജീവനക്കാരുടെ പ്രശ്നങ്ങൾ പഠിക്കാനും നീതിപൂർവ്വമായി അതിൽ പരിഹാരം കണ്ടെത്താനും കേന്ദ്ര സർക്കാർ മുൻകൈ എടുക്കണം. ജീവനക്കാരുടെ പ്രശ്നങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച് സമരം അവസാനിപ്പിക്കുന്നതിന് വേണ്ടിയുളള നടപടികൾ എത്രയും പെട്ടെന്ന് കൈക്കൊള്ളാനും കേന്ദ്ര സർക്കാരും എയർ ഇന്ത്യ എക്സ്പ്രസ്സ് മാനേജ്മെന്റും തയ്യാറാകണമെന്നും നവോദയ സാംസ്‌കാരികവേദി പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.