തിരുവനന്തപുരം: എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കിയതിൽ തിരുവനന്തപുരത്ത് യാത്രക്കാരുടെ പ്രതിഷേധം. തിരുവനന്തപുരം ദമ്മാം വിമാനം റദ്ദാക്കിയതിൽ എയർ ഇന്ത്യ ഓഫീസിനു മുന്നിലാണ് പ്രതിഷേധം. അവസാന നിമിഷത്തിലാണ് വിമാനം റദ്ദാക്കിയ വിവരം അറിയിച്ചതെന്ന് യാത്രക്കാർ പറയുന്നു. രാത്രി 10.20ന് പുറപ്പെടേണ്ട ദോഹ കണ്ണൂർ വിമാനവും റദ്ദാക്കി.
യാത്രക്കാര്‍ക്ക് ഇത് സംബന്ധിച്ച് മുൻകൂറായി അറിയിപ്പൊന്നും ലഭിച്ചിരുന്നില്ല. വിമാനത്താവളത്തിൽ യാത്രക്കായി എത്തിയ ശേഷമാണ് എയര്‍ ഇന്ത്യ വിമാനം റദ്ദാക്കിയെന്ന് ഇവര്‍ അറിഞ്ഞത്. ഇതോടെ യാത്രക്കാര്‍ തിരുവനന്തപുരം വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. വിവിധ ജില്ലകളിൽ നിന്നും സംസ്ഥാനത്തിന് പുറത്തുനിന്നുമുള്ള നിരവധി പേരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. വിമാനടിക്കറ്റിന്റെ തുക ഏഴ് ദിവസത്തിനകം റീഫണ്ട് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. അവസാനനിമിഷം യാത്ര മുടങ്ങിയതിനെ സങ്കടവും അമർഷവും യാത്രക്കാർക്കുണ്ട്. ഉദ്യോഗസ്ഥരും യാത്രക്കാരും തമ്മിൽ വാക്കേറ്റവുമുണ്ടായി.
രാജ്യത്താകെ വിമാനയാത്രക്കാരെ വലച്ചത് എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ കൂട്ട അവധിയാണ്. നിരവധി ആഭ്യന്തര- അന്താരാഷ്ട്ര സർവ്വീസുകൾ ഇതേ തുടര്‍ന്ന് റദ്ദാക്കി. ഇന്ന് ജോലിക്കെത്തേണ്ടവരും വീസ കാലാവധി തീരുന്നവരും പെരുവഴിയിലായി. വരും ദിവസങ്ങളിലും സർവീസ് മുടങ്ങുമെന്ന് എയർ ഇന്ത്യ എംഡി അറിയിച്ചു.
യുഎഇയിൽ നിന്നുളള കൂടുതൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. വ്യാഴം വെളളി ശനി തിങ്കൾ ദിവസങ്ങളിൽ പുറപ്പെടേണ്ട വിമാനങ്ങളാണ് റദ്ദാക്കിയത്. നാളെ പുറപ്പെടേണ്ട അൽഐൻ – കോഴിക്കോട് വിമാനം, വെളളിയാഴ്ച പുറപ്പെടേണ്ട റാസൽഖൈമ – കണ്ണൂർവിമാനം, ശനിയാഴ്ച പുറപ്പെടേണ്ട റാസൽഖൈമ- കോഴിക്കോട്, അബുദാബി – കണ്ണൂർ വിമാനങ്ങൾ, തിങ്കളാഴ്ച പുറപ്പെടേണ്ട ഷാർജ – കണ്ണൂർ, അബുദാബി- കണ്ണൂർ, ദുബായ്-കോഴിക്കോട് വിമാനങ്ങളാണ് റദ്ദാക്കിയത്.