ഹൈദരാബാദ്: പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താനുള്ള ജീവന്‍മരണപ്പോരാട്ടത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം വെറും 9.4 ഓവറിനുള്ളില്‍ അടിച്ചെടുത്ത് സണ്‍റൈസേഴ് ഹൈദരാബാദ്. ഓപ്പണര്‍മാരായ ട്രാവിസ് ഹെഡിന്‍റെയും അഭിഷേക് ശര്‍മുടെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് ഹൈദരാബാദിന്‍റെ ജയം. ഹൈദരാബാദിൻ്റെ ജയത്തോടെ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ നിന്ന് പുറത്തായി.
വെറും 30 പന്തില്‍ നിന്ന് എട്ടു വീതം സിക്‌സും ഫോറുമടക്കം 89 റണ്‍സോടെ പുറത്താകാതെ നിന്ന ഹെഡാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. 28 പന്തുകള്‍ നേരിട്ട അഭിഷേക് ആറ് സിക്‌സും എട്ട് ഫോറുമടക്കം 75 റണ്‍സോടെ പുറത്താകാതെ നിന്നു.
നേരത്തേ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തിരുന്നു.
അര്‍ധ സെഞ്ചുറി നേടിയ ആയുഷ് ബധോനി, നിക്കോളാസ് പുരന്‍, ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍, ക്രുണാല്‍ പാണ്ഡ്യ എന്നിവരുടെ ഇന്നിങ്‌സുകളാണ് ലഖ്‌നൗവിന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. രാഹുല്‍ (29), ക്വിന്റണ്‍ ഡിക്കോക്ക് (2), മാര്‍ക്കസ് സ്‌റ്റോയ്‌നിസ് (3), ക്രുണാല്‍ പാണ്ഡ്യ (24) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
ഒരു ഘട്ടത്തില്‍ 11.2 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സെന്ന നിലയിലായിരുന്ന ലഖ്‌നൗവിനെ 165-ല്‍ എത്തിച്ചത് അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച പുരന്‍ – ബധോനി സഖ്യമാണ്. 99 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. 30 പന്തില്‍ നിന്ന് ഒമ്പത് ബൗണ്ടറിയടക്കം 55 റണ്‍സോടെ പുറത്താകാതെ നിന്ന ബധോനിയാണ് ലഖ്‌നൗവിന്റ ടോപ് സ്‌കോറര്‍. 26 പന്തുകള്‍ നേരിട്ട പുരന്‍ ഒരു സിക്‌സും ആറ് ഫോറുമടക്കം 48 റണ്‍സോടെ പുറത്താകാതെ നിന്നു.
നാല് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറാണ് ഹൈദരാബാദ് ബൗളര്‍മാരില്‍ തിളങ്ങിയത്. എന്നാല്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും നടരാജനും നന്നായി തല്ലുവാങ്ങി.