കൊച്ചി: മരം പൊട്ടി വീണ് വൈദ്യുതി ലൈനുകൾ പൊട്ടിയതിനെ തുടര്‍ന്ന് എറണാകുളത്ത് ട്രെയിൻ ഗതാഗതത്തിലുണ്ടായ പ്രശ്നം പരിഹരിച്ചു. ലൈനുകൾ പൂര്‍വസ്ഥിതിയിലാക്കിയാണ് സര്‍വീസ് പുനരാരംഭിച്ചത്. ഏഴ് ട്രെയിനുകളാണ് ഇതേ തുടര്‍ന്ന് എറണാകുളത്തെ വിവിധ സ്റ്റേഷനുകളിലും ട്രാക്കിലുമായി പിടിച്ചിട്ടത്.
ഇതെതുടര്‍ന്ന്‍ ട്രെയിനിൽ യാത്രക്കാര്‍ പ്രതിഷേധിച്ചു. റെയിൽവേ അധികൃതർ കൃത്യമായ മറുപടി നൽകുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം. മണിക്കൂറുകളായി ഗതാഗതം നിലച്ചതോടെ കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ നൂറ്കണക്കിന് യാത്രക്കാരാണ് വലഞ്ഞിരിക്കുന്നത്.
അതേസമയം, ട്രാക്കുകളിലെ വൈദ്യുതി തകരാർ പൂർണമായും പരിഹരിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു.
വൈകിട്ട് ആറരയോടെയാണ് വൈദ്യുതി ലൈനിൽ തടസമുണ്ടായത്. കളമശേരിയിലാണ് മരം ലൈനിന് മുകളിൽ പൊട്ടി വീണത്. തുടര്‍ന്ന് തിരുവനന്തപുരം – നിസാമുദ്ദിൻ സൂപ്പർ ഫാസ്റ്റ്, തിരുവനന്തപുരം – കണ്ണൂർ ജനശദാബ്‌ദി, തിരുവനന്തപുരം – ചെന്നൈ മെയിൽ, എറണാകുളം – ഗുരുവായൂർ എക്സ്പ്രസ്സ്, എറണാകുളം – ഓഖ എക്സ്പ്രസ്സ്, കൊച്ചുവേളി – യശ്വന്ത്‌പുർ ഗരീബ് രഥ്, തിരുവനന്തപുരം – ചെന്നൈ സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾ വൈകിയോടുകയാണ്.